തിരുവനന്തപുരം: സ്വർണ കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെ എൻ.ഐ.എ ചോദ്യം ചെയ്ത് വിട്ടയച്ചു. പേരൂർക്കട പൊലീസ് ക്ലബിലാണ് എൻ.ഐ.എ ശിവശങ്കരനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. അഞ്ച് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് വിട്ടയച്ചത്. സ്വർണക്കടത്തിൽ ശിവശങ്കറിന് നിർണായക പങ്കുണ്ടെന്നാണ് കേസിലെ ഒന്നാം പ്രതിയായ സരിത്ത് എൻ.ഐ.എക്ക് മൊഴി നൽകിയിരിക്കുന്നത്.
എം. ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്തു - ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു
പേരൂര്‍ക്കട പൊലീസ് ക്ലബിലെ ചോദ്യം ചെയ്യല്‍ അഞ്ച് മണിക്കൂര്‍ നീണ്ടു
സരിത്തിന്‍റെയും മറ്റ് പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരുടെയും മൊഴികൾ വിലയിരുത്തിയ ശേഷമാണ് ശിവശങ്കറിന്‍റെ മൊഴി എടുത്തത്. ചോദ്യം ചെയ്യലിന് ഹാജരാക്കണമെന്ന് കാട്ടി ശിവശങ്കറിന് എൻ.ഐ.എ നോട്ടീസ് നൽകിയിരുന്നു. പൂജപ്പുരയിലെ വസതിയിൽ എത്തിയാണ് എൻ.ഐ.എ നോട്ടീസ് നൽകിയത്. പിന്നാലെ ശിവശങ്കർ സ്വന്തം കാറിലാണ് പൊലീസ് ക്ലബിലെ എൻ.ഐ.എ ക്യാംപ് ഓഫിസിൽ എത്തിയത്.
സ്വർണക്കടത്ത് സംബന്ധിച്ച ഗൂഡാലോചന നടന്ന സെക്രട്ടറിയേറ്റിന് സമീപത്തെ ഫ്ലാറ്റ് ശിവശങ്കറിന്‍റെ നിർദേശത്തെ തുടർന്നാണ് വാടകയ്ക്ക് എടുത്ത് നൽകിയതെന്ന തെളിവുകൾ പുറത്തു വന്നിരുന്നു. സ്വപ്നയ്ക്ക് ഐ.ടി.വകുപ്പിൽ അനധികൃത നിയമനം നൽകിയതിലും ശിവശങ്കറിന് വീഴ്ച പറ്റിയെന്നും റിപ്പോർട്ട് പുറത്തു വന്നിരുന്നു. പിന്നാലെ സർക്കാർ ശിവശങ്കറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇതേ കേസിൽ കസ്റ്റംസ് 9 മണിക്കൂറോളം ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു.