തിരുവനന്തപുരം: കെ.എസ് ശബരിനാഥിന്‍റെ അറസ്റ്റ് സര്‍ക്കാരിന്‍റെ ഭീരുത്വമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍. നാണംകെട്ട നടപടിയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും മുഖ്യമന്ത്രിയെ തൃപ്തിപ്പെടുത്താനാണ് കാക്കി പുറത്തും ചുവപ്പ് അകത്തുമിട്ട് നടക്കുന്ന ചില പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രമമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടേത് നാണംകെട്ട നടപടി, ശബരിനാഥിന്‍റെ അറസ്റ്റ് സര്‍ക്കാരിന്‍റെ ഭീരുത്വമെന്ന് ഷാഫി പറമ്പില്‍
അറസ്റ്റ് ചെയ്യരുതെന്ന് കോടതി പറഞ്ഞിട്ടും വ്യാജരേഖയുണ്ടാക്കി തെറ്റിധരിപ്പിക്കുകയാണെന്നും ഷാഫി പറമ്പിൽ
അറസ്റ്റ് ചെയ്‌ത സമയം സംബന്ധിച്ച് കോടതിയിലടക്കം വ്യാജ രേഖയുണ്ടാക്കുകയാണ് പൊലീസ് ചെയ്‌തിരിക്കുന്നത്. 10.30നാണ് ശബരിനാഥന്‍ ചോദ്യം ചെയ്യലിന് ഹാജരായത്. മിനിട്ടുകള്‍ക്കകം അറസ്റ്റ് ചെയ്‌തുവെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ കൂടെയുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ല പ്രസിഡന്‍റ് സുധീര്‍ ഷായ്ക്ക് അറസ്റ്റ് സംബന്ധിച്ച് ഇന്‍റിമേഷന്‍ നല്‍കിയത് 12.30നാണ്.
അറസ്റ്റ് ചെയ്യരുതെന്ന് കോടതി പറഞ്ഞിട്ടും പൊലീസ് വ്യാജരേഖയുണ്ടാക്കി തെറ്റിധരിപ്പിക്കുകയാണ്. നാട്ടില്‍ നിയമമില്ലാത്ത അവസ്ഥയാണെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ഇതിനിടെ ശബരിനാഥിനെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്തുവെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് വലിയതുറ സ്റ്റേഷനിൽ പ്രതിഷേധിച്ചു.