തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ പാഠ്യപദ്ധതിയിൽ ലൈംഗിക വിദ്യാഭ്യാസം ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇത് ഉള്‍പ്പെടുത്തിയുളള പുതിയ പാഠപുസ്‌തകം രണ്ട് വർഷത്തിനകം പുറത്തിറക്കുമെന്ന് മന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്. കേന്ദ്രാവിഷ്‌കൃത പദ്ധതികളുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് നിവേദനം സമർപ്പിച്ചതായും അദ്ദേഹം കുറിച്ചു.
ഉച്ചഭക്ഷണ വിതരണത്തിനായി 100 കോടി രൂപ അനുവദിക്കണമെന്നും, സ്‌കൂൾ പാചക തൊഴിലാളികളുടെ ശമ്പളം വർധിപ്പിക്കണമെന്നും നിവേദനത്തില്‍ ആവശ്യപെട്ടതായും മന്ത്രി വ്യക്തമാക്കി. കേരളം നിവേദനത്തിൽ ഉന്നയിച്ച മിക്ക വിഷയങ്ങളോടും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അനുഭാവപൂർണമായ സമീപനമാണ് കൈക്കൊണ്ടതെന്നും ശിവൻകുട്ടി പറഞ്ഞു. കുട്ടികളുടെ എണ്ണത്തിൽ വന്ന വർധനവ് കണക്കിലെടുത്ത് പി എ ബിയുടെ അനുമതിയോടെ അധിക കേന്ദ്ര സഹായത്തിന് നടപടികൾ സ്വീകരിക്കാമെന്ന് കേന്ദ്രത്തിന്‍റെ ഉറപ്പ് ലഭിച്ചതായും മന്ത്രി ഫേസ്‌ബുക്കിലൂടെ അറിയിച്ചു.