തിരുവനന്തപുരം:സംസ്ഥാനത്തെ ഓൺലൈൻ ക്ലാസുകളുടെ അടുത്ത ഘട്ടം തിങ്കളാഴ്ച മുതൽ ആരംഭിക്കും. രണ്ടാഴ്ചത്തെ പരീക്ഷണ ക്ലാസുകൾക്ക് ശേഷമാണ് ഓൺലൈൻ വിദ്യാഭ്യാസ പദ്ധതിയായ ഫസ്റ്റ് ബെല്ലിന്‍റെ രണ്ടാം ഘട്ടം തുടങ്ങുന്നത്. മുന്‍ സമയം ക്രമത്തിൽ തന്നെയാകും പുതിയ വിഷയങ്ങൾ അടങ്ങിയ ക്ലാസുകളും സംപ്രേഷണം ചെയ്യുക.
ഓണ്‍ലൈന്‍ ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ പുനഃരാരംഭിക്കും
ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി സബ് ടൈറ്റിലും ഇതര ഭാഷാ ക്ലാസുകളില്‍ മലയാളത്തില്‍ വിശദീകരണം നല്‍കാനും തീരുമാനം
ആദ്യ രണ്ടാഴ്ച ലഭിച്ച അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാണ് പുതിയ ക്ലാസുകൾ ചിട്ടപ്പെടുത്തുക. ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥികള്‍ക്ക് സഹായകമാകുന്ന വിധത്തിൽ ഇംഗ്ലീഷ് വാക്കുകൾ എഴുതി കാണിക്കും. ഹിന്ദി ഉൾപ്പെടെയുള്ള ഇതര ഭാഷാ ക്ലാസുകളിൽ മലയാള വിശദീകരണം നൽകാനും കൂടുതൽ വിഷയങ്ങൾ ഉൾപ്പെടുത്താനും സൗകര്യം ഒരുക്കിയതായി കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത് അറിയിച്ചു. തിങ്കൾ മുതൽ വെള്ളി വരെ ഓരോ ദിവസവും പത്താം ക്ലാസിലെയും പ്ലസ്ടു ക്ലാസിന്‍റേയും പുനഃസംപ്രേഷണം ഉണ്ടാകും. ഒന്നു മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളുടെ പുനഃസംപ്രേഷണം ശനി,ഞായർ ദിവസങ്ങളിലാണ്. തമിഴ്, കന്നട മീഡിയം ക്ലാസുകളും തിങ്കളാഴ്ച മുതൽ ആരംഭിക്കുന്നുണ്ട്.
ജൂൺ ഒന്നിന് ഓൺലൈൻ വഴിയും വിക്ടേഴ്സ് ചാനൽ വഴിയും ക്ലാസുകൾ ആരംഭിച്ചപ്പോൾ നിരവധി കുട്ടികൾക്ക് പങ്കെടുക്കാനായില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. മലപ്പുറത്ത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതും വിവാദമായിരുന്നു. തുടർന്നാണ് സംസ്ഥാന സർക്കാർ ക്ലാസുകളുടെ ട്രയൽ ഒരു ആഴ്ച കൂടി നീട്ടിയത്. ടെലിവിഷന്‍ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാത്ത വിദ്യാർഥികളുടെ കണക്കുകൾ വിദ്യാഭ്യാസ വകുപ്പ് ശേഖരിച്ചിരുന്നു. നിരവധി സംഘടനകളുടെ സഹായം വഴി പരമാവധി പേർക്ക് ഈ സൗകര്യങ്ങൾ ഉറപ്പാക്കാൻ കഴിഞ്ഞുവെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ വിലയിരുത്തൽ. ഇനി നാലായിരത്തോളം കുട്ടികൾക്ക് കൂടി സൗകര്യം ഒരുക്കണമെന്നാണ് കണക്കുകൂട്ടല്‍.