തിരുവനന്തപുരം: സംസ്ഥാനത്ത് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും കൂടുന്നതിന് പ്രധാന കാരണം അശാസ്ത്രീയമായ മഴക്കുഴി നിര്‍മാണമെന്ന് കേന്ദ്ര ഭൗമശാസ്ത്ര പഠന കേന്ദ്രം. ചരിഞ്ഞ പ്രദേശങ്ങളില്‍ ഭൂമിയിലെ സ്വാഭാവികമായ ജലത്തിന്‍റെ ഒഴുക്ക് തടസ്സപ്പെടുത്തുകയും മഴക്കുഴികള്‍ വ്യാപകമായി നിര്‍മിക്കുന്നതും അപകടം ക്ഷണിച്ചുവരുത്തുന്നതാണെന്നും ഇതുസംബന്ധിച്ച മുന്നറിയിപ്പുകള്‍ നേരത്തെ നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ വി നന്ദകുമാര്‍ പറഞ്ഞു. ജലസംരക്ഷണത്തിനുള്ള ഏറ്റവും എളുപ്പമായ മാര്‍ഗം എന്ന നിലയിലാണ് മഴക്കുഴികള്‍ക്ക് സംസ്ഥാനത്ത് മികച്ച സ്വീകാര്യത ലഭിച്ചത്. എന്നാല്‍ ഇത്തരം അശാസ്ത്രീയമായ മഴക്കുഴികളാണ് ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ പോലുള്ള പ്രകൃതി ദുരന്തങ്ങളുടെ കാഠിന്യം വര്‍ധിപ്പിക്കുന്നതെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.
മലപ്പുറത്തെ കവളപ്പാറയിലും, വയനാട്ടിലെ പുത്തുമലയിലും ഉണ്ടായ വലിയ ദുരന്തത്തിന് കാരണമായ പൈപ്പിങ് പ്രതിഭാസത്തിനും അശാസ്ത്രീയമായ മഴക്കുഴി നിര്‍മാണം കാരണമായിട്ടുണ്ടെന്നും. അതിനാല്‍ വിദഗ്ദ അഭിപ്രായം തേടിയ ശേഷം മാത്രമേ മഴക്കുഴി നിര്‍മാണത്തിന് അനുമതി നല്‍കാവൂവെന്നും അദ്ദേഹം പറഞ്ഞു.