തിരുവനന്തപുരം: സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പൊതു മാർഗരേഖ മുഖ്യമന്ത്രി ബുധനാഴ്‌ച പുറത്തിറക്കും. കൊവിഡ് പശ്ചാത്തലത്തിൽ വിദ്യാഭ്യാസ-ആരോഗ്യ വകുപ്പ് മന്ത്രിമാർ സമർപ്പിച്ച നിർദേശങ്ങൾ അടങ്ങിയ മാർഗരേഖയാണ് മുഖ്യമന്ത്രി പ്രസിദ്ധീകരിക്കുന്നത്. ആദ്യ ഘട്ട തുറക്കലിൽ ഉച്ച വരെ മാത്രമാണ് ക്ലാസുകൾ. ഓരോ ക്ലാസിലേക്കും വ്യത്യസ്‌ത ഇടവേളകൾ അനുവദിക്കും.
അക്കാദമിക് പ്രവർത്തനങ്ങൾ സംബന്ധിച്ച് മാർഗരേഖ പിന്നീട്
കുട്ടികളുടെ എണ്ണം നിയന്ത്രിക്കാൻ ഓരോ ക്ലാസിലെയും കുട്ടികളെ ബാച്ചുകളായി തിരിക്കും. കുറവ് കുട്ടികളുള്ള ക്ലാസുകളിൽ ഈ ക്രമീകരണം ആവശ്യമില്ല. ഭിന്നശേഷിക്കാരായ കുട്ടികൾ ആദ്യഘട്ടത്തിൽ സ്‌കൂളിൽ വരേണ്ടതില്ല. എല്ലാ അധ്യാപകരും അനധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് വാക്സിൻ എടുക്കേണ്ടതാണ്. അക്കാദമിക് പ്രവർത്തനങ്ങൾ സംബന്ധിച്ച് വിശദമായ മാർഗരേഖ പിന്നീട് പുറത്തിറക്കും.
ക്ലാസുകൾക്ക് നൽകുന്ന ഇന്‍റർവെൽ, സ്‌കൂൾ ആരംഭിക്കുന്ന സമയം, സ്‌കൂൾ വിടുന്ന സമയം എന്നിവയിൽ വ്യത്യാസങ്ങൾ വരുത്തി കൂട്ടം ചേരലുകൾ ഒഴിവാക്കാൻ നിർദേശത്തിൽ പറയുന്നു. പ്രവർത്തി ദിവസങ്ങളിൽ എല്ലാ അധ്യാപകരും സ്‌കൂളുകളിൽ ഹാജരാകണം. സ്‌കൂളിൽ നേരിട്ട് എത്തിച്ചേരാൻ സാധിക്കാത്ത കുട്ടികൾക്ക് നിലവിലുള്ള ഡിജിറ്റൽ പഠന രീതി തുടരുന്നതാണ്. രോഗ ലക്ഷണങ്ങൾ പരിശോധിക്കാൻ രജിസ്റ്റർ സൂക്ഷിക്കുകയും രോഗലക്ഷണം ഉള്ളവർക്ക് സിക്ക് റൂമുകൾ ഒരുക്കുകയും ചെയ്യും.
ALSO READ:സ്‌കൂൾ തുറക്കൽ : വിദ്യാഭ്യാസ - ആരോഗ്യ മന്ത്രിമാർ മുഖ്യമന്ത്രിക്ക് മാർഗരേഖ കൈമാറി