തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപി നേതാക്കൾ ചെലവഴിച്ച പണത്തിന്‍റെ കണക്ക് പരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് പരാതി. ലോക് താന്ത്രിക് യുവ ജനതാദൾ ദേശീയ പ്രസിഡന്‍റ് സലിം മടവൂരാണ് ഇക്കാര്യമാവശ്യപ്പെട്ട് കമ്മിഷനെ സമീപിച്ചത്. ബിജെപി നേതാക്കളുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്നതായി ആരോപിക്കപ്പെടുന്ന കള്ളപ്പണ ഇടപാടുകൾ അന്വേഷിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രത്യേക സമിതിയെ നിയോഗിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.
also read:കൊടകര കുഴൽ പണക്കേസ്; ഏറ്റുമുട്ടി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
കൊടകരയില്‍ നടന്ന പണം കവര്‍ച്ചയ്‌ക്ക് പിന്നാലെ വൻ സംഭവവികാസങ്ങളാണ് സംസ്ഥാനത്തുണ്ടായത് പണം കൊണ്ടുവന്ന ധര്‍മരാജൻ പണം കൊള്ളയടിക്കപ്പെട്ട ശേഷം ആദ്യ വിളിച്ചത് ഏഴ് ബിജെപി നേതാക്കളെയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കെ. സുരേന്ദ്രന്‍റെ മകൻ ഹരികൃഷ്ണനെയും അന്വേഷണ സംഘം ചോദ്യം ചെയ്യാനിരിക്കുകയാണ്.
ഇതിനിടെയാണ് മഞ്ചേശ്വരത്തെ പത്രിക പിൻവലിക്കാൻ പണം ലഭിച്ചെന്ന വെളിപ്പെടുത്തലുമായി ബിഎസ്‌പി സ്ഥാനാര്‍ഥിയായിരുന്ന കെ. സുന്ദര രംഗത്തെത്തിയത്. ഒപ്പം എന്‍ഡിഎയുടെ ഭാഗമാകാന്‍ സി.കെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പത്ത് ലക്ഷം രൂപ നല്‍കിയെന്ന വെളിപ്പെടുത്തലുമുണ്ടായി. സംഭവങ്ങളെല്ലാം ബിജെപിയുടെ കുഴല്‍പ്പണ ഇടപാടിന്‍റെ ഭാഗമാണെന്നാണ് ആരോപണം.