തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം വൈകുന്നതില്‍ ജീവനക്കാരുടെ പ്രതിഷേധം ശക്തം. ഈ മാസത്തെ ശമ്പളം എപ്പോള്‍ നല്‍കാനാകുമെന്ന കാര്യത്തില്‍ മാനേജ്‌മെന്‍റിന് ഇനിയും വ്യക്തത വന്നിട്ടില്ല. ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തിനു ശേഷമേ തീരുമാനമാകൂവെന്നാണ് സൂചന. അതിനിടെ ജോലിക്ക് ഹാജരാകാത്ത സ്ഥിരം ജീവനക്കാര്‍ക്ക് മുന്നിയിപ്പ് നല്‍കി കെ.എസ്.ആര്‍.ടി.സി പതിപ്പിച്ച നോട്ടീസില്‍ ജീവനക്കാര്‍ എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
'വാര്‍ക്കപണിക്ക് പോയാണ് വീട്ടുചെലവ് നടത്തുന്നത്'; കെ.എസ്.ആര്‍.ടി.സിക്ക് മറുപടി നല്‍കി ജീവനക്കാരന്‍
ശമ്പള പ്രതിസന്ധിക്കിടെ ഡ്യൂട്ടിക്ക് ഹാജരാകണമെന്ന് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ പതിപ്പിച്ച നോട്ടീസിന് താഴെയാണ് ജീവനക്കാരുടെ മറുപടി
സ്ഥിരം ജീവനക്കാരില്‍ ചിലര്‍ കൃത്യമായി ജോലിക്ക് ഹാജാരാകാതിരിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇത് കോര്‍പറേഷന്‍റെ കാര്യക്ഷമമായ സര്‍വീസ് നടത്തിപ്പിന് തടസം സൃഷ്ടിക്കുന്നതിനാല്‍ സ്ഥിരമായി ഡ്യൂട്ടിക്ക് ഹാജരാകാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നുമാണ് നോട്ടീസിലുള്ളത്. ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ പതിപ്പിച്ച നോട്ടീസിന് താഴെയാണ് ജീവനക്കാരുടെ മറുപടി. വീട്ടു ചെലവ് നടത്താനായി ഞങ്ങള്‍ വാര്‍ക്കപ്പണിക്ക് പോയതാണെന്നായിരുന്നു ജീവനക്കാരുടെ കമന്‍റ്. 'കാര്യക്ഷമമായ സര്‍വീസ് നടത്തിപ്പിന്' എന്ന വരിക്ക് താഴെ പേന കൊണ്ട് 'പിടിപ്പില്ലാതെയെന്നും' എഴുതിയിട്ടുണ്ട്. ഈ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.