തിരുവനന്തപുരം: ജി.സുധാകരനും തോമസ് ഐസക്കും ആലപ്പുഴയിലെ സി.പി.എമ്മിന്റെ മുടി ചൂടാമന്നന്‍മാരായി തുടരുമ്പോഴും രണ്ടാം നിരയില്‍ അതി ശക്തമായ സാന്നിധ്യമായി പാര്‍ട്ടി അണികള്‍ക്കിടയില്‍ സ്ഥാനമുറപ്പിച്ച നേതാവായിരുന്നു സജി ചെറിയാന്‍. പിണറായി-വി.എസ് പോര് സി.പി.എമ്മില്‍ അതിശക്തമായിരുന്ന കാലത്ത് പിണറായി വിജയയന്റെ ഉറച്ച അനുയായി ആയി പരസ്യമായി നിലയുറപ്പിച്ച നേതാവ് കൂടിയാണ് സജി ചെറിയാന്‍. തോമസ് ഐസക്കും സുധാകരനും സി.പി.എമ്മിന്റെ മുന്‍ നിരയില്‍ നിന്ന് പിന്തള്ളപ്പെട്ടപ്പോള്‍ സ്വാഭാവികമായും ഇരുവരുടെയും സ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ടത് സജി ചെറിയാനെയായിരുന്നു.
പിണറായിക്ക് പ്രിയപ്പെട്ട സജി ചെറിയാൻ: സി.പി.എം സംസ്ഥാന സമിതിയിലും സംസ്ഥാന സെക്രട്ടേറിയറ്റിലും ഏറ്റവും ഒടുവില്‍ രണ്ടാം പിണറായി മന്ത്രിസഭയില്‍ പ്രധാനപ്പെട്ട മന്ത്രിയായതും പിണറായിയുടെ ജില്ലയിലെ വിശ്വസ്‌തന്‍ എന്ന നിലയിലായിരുന്നു. 2011ല്‍ ചെങ്ങന്നൂരില്‍ കന്നിയങ്കത്തില്‍ സിറ്റിംഗ് എം.എല്‍.എ പി.സി.വിഷ്‌ണുനാഥിനോട് പരാജയപ്പെട്ട് സംഘടനാ രംഗത്തു നിലയുറപ്പിച്ച സജി ചെറിയാന്റെ പാര്‍ലമെന്ററി പ്രവേശം 2018 മെയ് മാസത്തില്‍ നടന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലൂടെയായിരുന്നു.
കെ.കെ. രാചന്ദ്രന്‍നായരുടെ നിര്യാണത്തെ തുടര്‍ന്നു നടന്ന ഉപതെരഞ്ഞെടുപ്പില്‍ സജി ചെറിയാന്‍ 20956 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ചെങ്ങന്നൂരില്‍ നിന്ന് നിയമസഭയിലെത്തുന്നത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 32,092 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷം നേടി ചെങ്ങന്നൂരിനെ ഇടതു പക്ഷത്ത് ഉറപ്പിച്ചു നിര്‍ത്തി. ഫിഷറീസ്, സാംസ്‌കാരിക വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയുമായി.
ശരിക്കും പാർട്ടിയായ സജി ചെറിയാൻ:മധ്യ തിരുവിതാംകൂറിലെ ക്രിസ്‌തീയ സഭകളുമായുള്ള സി.പി.എമ്മിന്റെ പാലം കൂടിയായതു കൊണ്ടു കൂടിയാണ് രണ്ടാം പിണറായി മന്ത്രിസഭയില്‍ സജിക്ക് സ്ഥാനം ഉറച്ചതും. ജില്ലയിലും സംസ്ഥാനത്തും സി.പി.എമ്മിന്റെ മുന്‍ നിര നേതൃത്വത്തിലേക്ക് ഉയര്‍ന്നു നില്‍ക്കേയാണ് അപ്രതീക്ഷതമായി പടിയിറങ്ങേണ്ടി വന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കേ എസ്.എഫ്.ഐയിലൂടെയാണ് സജി ചെറിയാന്‍ സജീവ രാഷട്രീയത്തില്‍ പ്രവേശിക്കുന്നത്.
എട്ടു വര്‍ഷക്കാലം സി.പി.എം ചെങ്ങന്നൂര്‍ ഏരിയ സെക്രട്ടറിയും പിന്നീട് ജില്ലാ കമ്മിറ്റിയിലും ജില്ല സെക്രട്ടേറിയറ്റിലുമെത്തി. പിന്നീട് സി.പി.എം ആലപ്പുഴ ജില്ല സെക്രട്ടറിയായി. എസ്.എഫ്.ഐ ജില്ല പ്രസിഡന്റ്, സെക്രട്ടറി, ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്റ്, സെക്രട്ടറി, ആലപ്പുഴ ജില്ല സഹകരണ ബാങ്ക് പ്രസിഡന്റ്, കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റംഗം, ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്, സി.ഐ.ടി.യു ജില്ല പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.