കേരളം

kerala

ETV Bharat / city

ശബരിമലയില്‍ പക്വതയോടെ പിണറായി സർക്കാർ - സുപ്രീംകോടതിയുടെ ശബരിമല വിധി

ഇത്തവണ പ്രവേശനം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കേണ്ടതില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. പുന പരിശോധന സാദ്ധ്യമല്ലെന്ന നിലയില്‍ ഒരു പക്ഷേ സുപ്രീംകോടതി വിധിയുണ്ടായിരുന്നെങ്കില്‍ ഈ സീസണിലും സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമായിരുന്നു.

ശബരിമലയില്‍ പക്വതയോടെ പിണറായി സർക്കാർ

By

Published : Nov 14, 2019, 9:24 PM IST

തിരുവനന്തപുരം: ശബരിമല വിഷയം സുപ്രീംകോടതിയുടെ വിശാല ബെഞ്ചിലേക്ക് കൈമാറുമ്പോൾ ഏറ്റവും കരുതലോടെ വിധിയെ സമീപിക്കുന്നത് കേരള സർക്കാരാണ്. കഴിഞ്ഞ മണ്ഡല മകരവിളക്ക് കാലത്തുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ സർക്കാരും സിപിഎമ്മും അക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലർത്തുമെന്ന സൂചനയാണ് ലഭിക്കുന്നത്.
ഇത്തവണ പ്രവേശനം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. തമിഴ്‌നാട്ടില്‍ നിന്നുള്ള മനീതി സംഘം ഉള്‍പ്പെടെയുള്ളവര്‍ ഇത്തവണയും ശബരിമല കയറും എന്ന് മുന്നറിയിപ്പു നല്‍കിയിട്ടുള്ള സാഹചര്യത്തിലാണ് മുന്‍ വര്‍ഷത്തേതില്‍ നിന്ന് വ്യത്യസ്ത നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. സര്‍ക്കാരിന്‍റെ താങ്ങിലും തണലിലും സംരക്ഷണത്തിലും ശബരിമലയില്‍ യുവതികളെ കയറ്റില്ലെന്ന് നിയമ മന്ത്രി എ കെ ബാലന്‍ പരസ്യമായി പ്രതികരിച്ചു കഴിഞ്ഞു.

അതേസമയം ഇന്നുണ്ടായ വിധി സര്‍ക്കാരിന് ഒരേസമയം ആശ്വാസവും ആശങ്കയുമാണ് സമ്മാനിച്ചിരിക്കുന്നത്. പുന പരിശോധന സാദ്ധ്യമല്ലെന്ന നിലയില്‍ ഒരു പക്ഷേ സുപ്രീംകോടതി വിധിയുണ്ടായിരുന്നെങ്കില്‍ ഈ സീസണിലും സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമായിരുന്നു. സംരക്ഷണം ആവശ്യപ്പെട്ടു വരുന്നവര്‍ക്ക് സംരക്ഷണം നല്‍കേണ്ട ബാദ്ധ്യത സര്‍ക്കാരിനുണ്ടാകും.

ആരാധനാലയങ്ങളില്‍ ലിംഗ സമത്വം എന്ന സിപിഎമ്മിന്‍റെ പ്രഖ്യാപിത നിലപാടില്‍ നിന്ന് പിന്നോട്ടു പോകാന്‍ കഴിയാത്ത സ്ഥിതി ഉണ്ടാകുമായിരുന്നു. വിധിക്ക് സ്‌റ്റേയില്ലെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിക്കഴിഞ്ഞു. എന്നാല്‍ സുപ്രീംകോടതിയുടെ പുതിയ വിധി, തങ്ങളുടെ വിജയമായി യുഡിഎഫ് ക്യാമ്പ് വ്യാഖ്യാനിക്കുന്നുണ്ട്. ആചാരങ്ങള്‍ പാലിക്കണമെന്നു കാട്ടി മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ് മൂലത്തിനുള്ള അംഗീകാരമായാണ് യുഡിഎഫ് ഇതിനെ കാണുന്നത്. അതേ സമയം ശബരിമല കേസ് വിശാല ബഞ്ചിനു കൈമാറിയ സുപ്രീംകോടതി വിധി ബി.ജെ.പിക്കും ആശ്വാസമാണ്. വിധി എതിരായാല്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് പ്രഖ്യാപിച്ച ബി.ജെ.പിക്ക്, കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നതുവരെ ആശ്വാസം കൊള്ളാം.

ABOUT THE AUTHOR

...view details