തിരുവനന്തപുരം: ശബരിമല ക്ഷേത്രം ഈ മാസം 14 ന് തുറക്കും. മിഥുനമാസ പൂജകൾക്കും ഉത്സവത്തിനുമായാണ് നട തുറക്കുന്നത്. വെർച്വൽ ക്യൂ വഴി മാത്രമേ ദർശനം അനുവദിക്കൂ. ഒരു മണിക്കൂറിൽ പരമാവധി 200 പേർക്ക് മാത്രമാണ് ദർശനത്തിന് അനുമതി. ഒരേ സമയം 50 പേർക്ക് ദർശനം നടത്താം. അഞ്ച് പേരടങ്ങുന്ന സംഘങ്ങളായാണ് ദർശനം.
ശബരിമല നട 14 ന് തുറക്കും; ദർശനം വെർച്വൽ ക്യൂ വഴി
ഒരു മണിക്കൂറിൽ പരമാവധി 200 പേർക്ക് മാത്രമാണ് ദർശനത്തിന് അനുമതി
രാവിലെ നാല് മുതൽ ഉച്ചക്ക് ഒരു മണി വരെയും വൈകുന്നേരം നാല് മണി മുതൽ രാത്രി പതിനൊന്ന് വരെയുമാണ് ദര്‍ശന സമയം. ഇതര സംസ്ഥാനങ്ങളിൽ നിന്നു ശബരിമല ദർശനത്തിനെത്തുന്നവർ സർക്കാരിന്‍റെ കൊവിഡ് ഇ-ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുമ്പോൾ ഐ.സി.എം.ആറിന്‍റെ അംഗീകൃത ലാബിൽ നിന്നുള്ള കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും അപ്‌ലോഡ് ചെയ്യണം. ജാഗ്രത നിർദേശങ്ങൾ പാലിച്ചു മാത്രമേ ദർശനം അനുവദിക്കൂവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
അപ്പവും അരവണയും ഓൺലൈനായി ബുക്ക് ചെയ്യണം. പമ്പ വഴി മാത്രമേ പ്രവേശനമുള്ളൂ. നെയ്യഭിഷേകത്തിനും പ്രത്യേക സൗകര്യമൊരുക്കും. ഭക്തർ അഭിഷേകത്തിന് നെയ്യ് നൽകിയ ശേഷം ആടിയ ശിഷ്ടം നെയ്യ് കൗണ്ടറിൽ നിന്നും വാങ്ങാം. 65 വയസിനു മുകളിലുള്ളവർക്ക് ക്ഷേത്ര ദർശനം പാടില്ലെന്ന നിർദേശം ശബരിമലയിലെ ശാന്തിമാർക്ക് ബാധകമല്ലെന്നും കടകംപള്ളി വ്യക്തമാക്കി. പമ്പ വരെ കെ.എസ്. ആർ.ടി.സി സർവീസ് നടത്തും. സ്വകാര്യ വാഹനങ്ങൾക്കും പമ്പ വരെ പ്രവേശനമുണ്ട്. ജൂൺ 28 നാണ് നട അടക്കുന്നത്.