തിരുവനന്തപുരം: ശബരിമല വിമാനത്താവള പദ്ധതി മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തി സമയബന്ധിതമായി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൻ ജയരാജ് എംഎൽഎയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. വിമാനത്താവളത്തിന്‍റെ സ്‌പെഷ്യല്‍ ഓഫിസറായി മുന്‍ ത്രിപുര ചീഫ് സെക്രട്ടറിയും കണ്ണൂര്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്‍റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായിരുന്ന വി തുളസീദാസിനെ നിയമിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
വിവിധ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ചെറുവള്ളി എസ്റ്റേറ്റ് എന്നറിയപ്പെടുന്ന മലയാളം പ്ലാന്‍റേഷനെ പദ്ധതിക്കായി തെരഞ്ഞെടുത്തത്. നിര്‍ദ്ദിഷ്‌ട വിമാനത്താവളത്തിന്‍റെ ടെക്‌നോ ഇക്കണോമിക് ഫീസിബിലിറ്റി പഠനവും പരിസ്ഥിതി ആഘാത പഠനവും നടത്തുന്നതിനായി ലൂയിസ് ബെര്‍ഗര്‍ കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തിയിരുന്നു.
പ്രസ്‌തുത കണ്‍സള്‍ട്ടന്‍റ് സമര്‍പ്പിച്ച പ്രാഥമിക ഫീസിബിലിറ്റി റിപ്പോര്‍ട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം തേടിയിട്ടുണ്ട്. ഇക്കാര്യം വിശദമായി പരിശോധിച്ച് മറുപടി നല്‍കുന്നതിന് നടപടി സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.