തിരുവനന്തപുരം: യുക്രൈനിലെ യുദ്ധമേഖലയിൽ കുടുങ്ങിയ വിദ്യാർഥികളെ റഷ്യ വഴി സുരക്ഷിതമായി പുറത്തെത്തിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. വിദ്യാർഥികൾക്ക് യുക്രൈനിൽ നിന്ന് പുറത്തു കടക്കാൻ മാനുഷിക പരിഗണന മുൻനിർത്തി സുരക്ഷിത പാത ഒരുക്കുന്നതിന് പ്രധാനമന്ത്രി റഷ്യൻ നേതൃത്വവുമായി അടിയന്തരമായി ആശയവിനിമയം നടത്തണം. കുടുങ്ങി കിടക്കുന്നവർക്ക് വെള്ളവും ഭക്ഷണവും എത്തിക്കാൻ ബന്ധപ്പെട്ട സർക്കാരുകളുടെയും റെഡ്ക്രോസ് ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകളുടെയും സഹകരണം ഉറപ്പു വരുത്തണമെന്നും മുഖ്യമന്ത്രി കത്തിലൂടെ അഭ്യർഥിച്ചു.
ഒഴിപ്പിക്കൽ നടപടികൾ പ്രധാനമായും കീവ് ഉൾപ്പെടെയുള്ള യുക്രൈനിലെ പടിഞ്ഞാറൻ മേഖലകളിലാണ് ഇതുവരെ ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാൽ ഖാർകീവ്, സുമി തുടങ്ങിയ യുക്രൈനിലെ കിഴക്കൻ മേഖലകളിൽ ആയിരക്കണക്കിന് വിദ്യാർഥികളാണ് കുടുങ്ങിക്കിടക്കുന്നത്. ഈ പ്രദേശങ്ങളിൽ യുദ്ധം തീവ്രമായിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ഇരു നഗരങ്ങളിലും ബോംബിങ്ങും ഷെല്ലിങ്ങും രൂക്ഷമായിട്ടുണ്ട്.