തിരുവനന്തപുരം: ജില്ല കലക്ടറേറ്റ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ആര്‍ഡിഒ കോടതിയില്‍ നിന്ന് 20 ലക്ഷം രൂപ വിലമതിക്കുന്ന തൊണ്ടി മുതല്‍ നഷ്‌ടപ്പെട്ട സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്‌തതായി റവന്യൂ മന്ത്രി കെ.രാജന്‍. തിരുവനന്തപുരം ആര്‍.ഡി.ഒ കോടതിയിലേക്കു മാറ്റിയ 50 പവന്‍ സ്വര്‍ണാഭരണങ്ങള്‍, 120 ഗ്രാം വെള്ളി ആഭരണങ്ങള്‍, 48000 രൂപ എന്നിവയാണ് ലോക്കറില്‍ നിന്ന് കാണാതായത്.
അസ്വാഭാവിക മരണങ്ങളുടെ ഇന്‍ക്വസ്റ്റ് സമയത്ത് തര്‍ക്കങ്ങളുള്ള ആഭരണങ്ങളാണ് ആര്‍ഡിഒ കോടതികളിലേക്ക് മാറ്റുന്നത്. ചെസ്റ്റിലും ട്രഷറികളിലും സൂക്ഷിച്ചിട്ടുള്ള സാധനങ്ങളില്‍ കുറവുകണ്ട സാഹചര്യത്തില്‍ നടത്തിയ പരിശോധനയില്‍ നഷ്‌ടപ്പെട്ട സാധനങ്ങള്‍ കണ്ടെത്തുന്നതിനാണ് വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്‌തത്.
ആര്‍ഡിഒ കലക്‌ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ എഡിഎം, ഡെപ്യൂട്ടി കലക്‌ടര്‍, ആര്‍.ഡി.ഒ എന്നിവരടങ്ങിയ സംഘത്തോട് സംഭവത്തെകുറിച്ച് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും റവന്യൂ മന്ത്രി അറിയിച്ചു.
ലോക്കർ തകർന്നിട്ടില്ല: തിരുവനന്തപുരം ആര്‍ഡിഒ കൂടിയായ സബ് കലക്‌ടര്‍ മാധവിക്കുട്ടി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. വിശദമായ പരിശോധനയില്‍ ലോക്കര്‍ തകര്‍ക്കാതെയാണ് തൊണ്ടി മുതലുകള്‍ എടുത്തു മാറ്റിയതെന്ന് വ്യക്തമായിട്ടിട്ടുണ്ട്. പേരൂർക്കട പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കേസില്‍ ഔദ്യോഗിക സ്ഥാനത്തിരുന്നുള്ള പണാപഹരണത്തിന് കേസെടുത്തു.
സൂപ്രണ്ടുമാരെ ചോദ്യം ചെയ്യും: 2010 മുതല്‍ 2022 വരെ ഇവിടെ ജോലി ചെയ്‌ത സൂപ്രണ്ടുമാരില്‍ ആരെങ്കിലുമാകാം ഇതിനു പിന്നിലെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ ഈ കാലയളവില്‍ ജോലി ചെയ്‌ത മുഴുവന്‍ സൂപ്രണ്ടുമാരെയും ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. ലോക്കര്‍ തകര്‍ക്കാതെ തൊണ്ടി മുതല്‍ എടുത്തു മാറ്റിയതിനാലാണ് പൊലീസിന് ഇത്തരത്തിലുള്ള നീക്കം നടത്തുന്നത്.