തിരുവനന്തപുരം:കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ വരുമാനം ലക്ഷ്യമിട്ട് ഹിന്ദു ക്ഷേത്രങ്ങള്‍ കയ്യടക്കാന്‍ ശ്രമിക്കുന്നുവെന്ന വിവാദ പ്രസ്‌താവനയുമായി സുപ്രീം കോടതി റിട്ടയേഡ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനത്തിനിടെ ഇന്ദു മല്‍ഹോത്ര നടത്തിയ വിവാദ പ്രസ്‌താവനയുടെ വീഡിയോ പുറത്തുവന്നു. ദര്‍ശനത്തിനെത്തിയപ്പോള്‍ ഒരു കൂട്ടം ആളുകളോട് ഇന്ദു മല്‍ഹോത്ര സംസാരിക്കുന്നതിന്‍റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്.
' കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ക്ക് വരുമാനത്തിലാണ് നോട്ടം. ഹിന്ദു ക്ഷേത്രങ്ങളിലെ വരുമാനം മാത്രം ലക്ഷ്യമിട്ട് അവര്‍ ഹിന്ദു ക്ഷേത്രങ്ങള്‍ ഏറ്റെടുക്കുകയാണ്. ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ നടത്തിയ ഒരു നീക്കം സുപ്രീം കോടതിയിലെ മറ്റൊരു ജഡ്‌ജി യു.യു ലളിതുമായി ചേര്‍ന്ന് താന്‍ തടയിട്ടുവെന്ന്' ഇന്ദു മല്‍ഹോത്ര പറയുന്നതും വീഡിയോയിലുണ്ട്.
പത്മനാഭസ്വാമി ക്ഷേത്രഭരണത്തിലെ വിധി പ്രസ്‌താവിച്ച ബെഞ്ചിലെ അംഗം:തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കാനാണ് ഇന്ദു മല്‍ഹോത്ര തലസ്ഥാനത്ത് എത്തിയത്. സംസ്ഥാന സര്‍ക്കാര്‍ ട്രസ്റ്റ് രൂപീകരിച്ച് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ ഭരണം ഏറ്റെടുക്കണമെന്ന 2011ലെ കേരള ഹൈക്കോടതി വിധി തള്ളി തിരുവിതാംകൂര്‍ രാജകുടുംബത്തിന് ക്ഷേത്രഭരണത്തിന് അധികാരം നല്‍കി കൊണ്ട് 2020ല്‍ വിധി പുറപ്പെടുവിച്ച രണ്ടംഗ സുപ്രീം കോടതി ബെഞ്ചില്‍ അംഗമായിരുന്നു ഇന്ദു മല്‍ഹോത്ര. ബെഞ്ചിലെ മറ്റൊരംഗം ഇപ്പോഴത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യു.യു ലളിത് ആയിരുന്നു.