തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥി അഖിലിനെ എസ്എഫ്ഐ നേതാക്കള്‍ കുത്തിയത് കൊല്ലാനുള്ള ഉദ്ദേശത്തോടെയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. എസ്എഫ്ഐ പ്രവര്‍ത്തകരുടെ ദാര്‍ഷ്ഠ്യം ചോദ്യം ചെയ്‌ത അഖിലിനെ തടഞ്ഞു നിര്‍ത്തി കുത്തുകയായിരുന്നുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജാമ്യാപേക്ഷ തള്ളിയ കോടതി പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൈക്ക് പരിക്കേറ്റതിനാല്‍ കിടത്തി ചികിത്സ വേണമെന്ന ശിവരഞ്ജിത്തിന്‍റെ ആവശ്യം കോടതി തള്ളി. പ്രതികള്‍ക്ക് അഭിഭാഷകരുമായി സംസാരിക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ല. പ്രതികള്‍ക്ക് ജാമ്യം ലഭിച്ചാല്‍ നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന യൂണിവേഴ്‌സിറ്റി കോളജില്‍ വീണ്ടും സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നായിരുന്നു പ്രോസിക്ക്യൂഷന്‍ വാദം.
കുത്തിയത് കൊല്ലാന്‍ വേണ്ടിത്തന്നെ: റിമാന്‍റ് റിപ്പോര്‍ട്ട് - എസ്എഫ്ഐ
ഒന്നാം പ്രതിയായ ശിവരഞ്ജിത്ത് മൊഴി മാറ്റി. കുത്തിയത് ആരെന്ന് അറിയില്ലെന്ന് പുതിയ മൊഴി. അഖിലിനെ കുത്തിയത് താനാണെന്ന് ശിവരഞ്ജിത്ത് സമ്മതിച്ചിരുന്നു.
അഖിലിനെ കുത്തിയത് താനാണെന്ന് ആദ്യ ചോദ്യം ചെയ്യലില്‍ ഒന്നാം പ്രതിയായ ശിവരഞ്ജിത്ത് സമ്മതിച്ചിരുന്നെങ്കിലും പിന്നീട് മൊഴി മാറ്റി. സംഘര്‍ഷം ഉണ്ടായെങ്കിലും കുത്തിയത് ആരാണെന്ന് അറിയില്ലെന്നാണ് ശിവരഞ്ജിത്തിന്‍റെ പുതിയ മൊഴി. ആക്രമണം ഉണ്ടായി മൂന്നാം ദിവസമാണ് മുഖ്യ പ്രതികളായ ശിവരഞ്ജിത്തും നിസാമും പൊലീസ് പിടിയിലാകുന്നത്. സുഹൃത്തിന്‍റെ വീട്ടിലേക്ക് മാറാന്‍ ശ്രമിക്കുന്നതിനിടെ കേശവദാസപുരത്ത് നിന്നാണ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്. ലുക്ക് ഔട്ട് നോട്ടില്‍ ഉണ്ടായിരുന്ന മറ്റ് ആറ് പേരേയും യൂണിവേഴ്‌സിറ്റി സസ്പെന്‍റ് ചെയ്തു. അതേസമയം ക്യാമ്പസുകളിലെ രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഎസ്ഇ ഐസിസി കണ്‍സോര്‍ഷ്യം നല്‍കിയ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും.