തിരുവനന്തപുരം: രവീന്ദ്രൻ മാസ്റ്റർ ഓർമയായിട്ട് 17 വർഷം. ലോകം കേൾക്കാതെ പോയ എത്രയെത്ര മാസ്‌മരിക ഈണങ്ങൾ അദ്ദേഹം ഹൃദയത്തിൽ പാടിയിട്ടുണ്ടാകും. അത്രമേൽ സുന്ദരമായ പാട്ടുകൾ പിന്നെ മലയാളത്തിന് കിട്ടിയില്ലല്ലോയെന്ന നഷ്‌ടബോധത്തിനും 17 വയസാണ്. പിന്നണിഗായകനായി യേശുദാസിനെ തോൽപ്പിക്കാൻ നടന്ന കുളത്തൂപ്പുഴ രവി അവസരം കിട്ടാതെ നിവൃത്തികേടുകൊണ്ടാണ് ആ മോഹം ഉപേക്ഷിച്ച് സംഗീത സംവിധായകനാകാനിറങ്ങിയത്. അതുനന്നായെന്ന് പിന്നീട് ലോകം പറഞ്ഞു. അല്ലെങ്കിൽ തന്നെ യേശുദാസുള്ള മലയാളത്തിൽ രവീന്ദ്രൻ പാട്ടുകാരനായി എന്ത് തെളിയിക്കാൻ !. ഒടുവിൽ യേശുദാസിന്‍റെ ശുപാർശയിൽ സംഗീത സംവിധായകനായ രവീന്ദ്രൻ ഒരുക്കിയത് അതുവരെ മലയാളം കേൾക്കാത്ത ഈണങ്ങള്‍.
ചൂളയിൽ സത്യൻ അന്തിക്കാട് എഴുതിയ 'താരകേ മിഴിയിതളിൽ' എന്ന ആദ്യഗാനം മുതൽ രവീന്ദ്രൻ സംഗീത പ്രേമികളെ ഞെട്ടിച്ചു. പുതിയൊരു യേശുദാസിനെ രവീന്ദ്രൻ മലയാളത്തിന് സമ്മാനിച്ചു. ദാസേട്ടന്‍റെ ശബ്‌ദഭംഗിയെ അതുവരെ കാണാത്ത തരത്തിൽ അത്രമേൽ വൈവിധ്യത്തോടെ ഉപയോഗിച്ച മറ്റൊരു സംഗീത സംവിധായകൻ 1980കൾക്കുശേഷം ഉണ്ടായിട്ടില്ല.ഒറ്റക്കമ്പിനാദം, ശ്രീലതികകൾ, ദേവസഭാതലം, പ്രമദവനം, ഏഴുസ്വരങ്ങളും, രാമകഥാഗാനലയം, ഹരിമുരളീരവം, ഗംഗേ, ഏതോ നിദ്രതൻ, അഴകേ, വാനമ്പാടി ഏതോ, മാനം പൊന്മാനം - ഈ പട്ടിക എങ്ങനെ പറഞ്ഞുതീരും.
ഗായകനാകാൻ ആഗ്രഹിച്ച രവീന്ദ്രൻ
സംഗീത സംവിധായകനാകാൻ അവസരം തേടി നടന്ന കാലത്ത് വരികളില്ലാതെയും രവീന്ദ്രൻ പാട്ടുകൾ ഉണ്ടാക്കിക്കൊണ്ടിരുന്നു. ഡബ്ബിംഗ് ആർട്ടിസ്റ്റും അറിയപ്പെടാത്ത ഗായകനുമൊക്കെയായിരിക്കെ വലിയ സൗഹൃദങ്ങളുണ്ടായി. ഒരിക്കൽ ഒരു ഈണം സമ്മാനിച്ച് പൂവച്ചൽ ഖാദറിനോട് രവീന്ദ്രൻ വരികൾ ചോദിച്ചു. സുന്ദരമായ ഈണം. മറന്നുപോകാതിരിക്കാൻ പാടി സൂക്ഷിക്കാനാണ് വരികൾ. പൂവച്ചൽ വരിയെഴുതി. വർഷങ്ങൾക്കുശേഷം ആ പാട്ട് വിധിച്ചതും കൊതിച്ചതും എന്ന സിനിമയിൽ നമ്മൾ കേട്ടു - ഈണം മാറ്റി മുമ്പേ പോയ് മുളം തോണി. ചിത്രത്തിലെ ഇടവാക്കായലിൻ എന്ന ഗാനവും ഹിറ്റായിരുന്നു.
രണ്ട് ചിരട്ടകൾ തമ്മിൽത്തട്ടിത്തട്ടി താളമിട്ട് ഒടുവിൽ ഒരു വേറിട്ട ഈണമാക്കിയിട്ടുണ്ട് രവീന്ദ്രൻ. ഒരു ഭിത്തിക്കപ്പുറം താളമിട്ട് വായിച്ചിരിക്കാൻ തബലിസ്റ്റിനെ ചുമതലപ്പെടുത്തി ഇപ്പുറത്ത് ഒരു റേഡിയോ അഴിച്ചുപണിഞ്ഞുകൊണ്ടിരുന്ന രവീന്ദ്രൻ പണി തീർന്നപ്പോൾ പുതിയ ഈണവുമായി വന്നു. ഇങ്ങനെ എത്രയെത്ര അനുഭവങ്ങളാണ് ഒപ്പം പ്രവർത്തിച്ചവർക്ക് പറയാനുള്ളത്.
രവീന്ദ്രസംഗീതത്തിന്‍റെ മായിക വലയം