കേരളം

kerala

ETV Bharat / city

കെ.ടി ജലീല്‍ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നു: രമേശ് ചെന്നിത്തല - Minister Jaleel

നിയമം ലംഘിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച മന്ത്രി കെ.ടി ജലീലിനെ ഒരു നിമിഷം വൈകാതെ പുറത്താക്കേണ്ടത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തമാണെന്ന് രമേശ് ചെന്നിത്തല

മന്ത്രി ജലീല്‍ നീതി ന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നെന്ന് രമേശ് ചെന്നിത്തല

By

Published : Oct 20, 2019, 7:24 PM IST

തിരുവനന്തപുരം: ചട്ടങ്ങളും വകുപ്പുകളും താന്‍ വീണ്ടും ലംഘിക്കുമെന്ന മന്ത്രി കെ.ടി ജലീലിന്‍റെ പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനവും നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമം ലംഘിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച മന്ത്രിയെ ഒരു നിമിഷം വൈകാതെ പുറത്താക്കേണ്ടത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. രാജ്യത്തിന്‍റെ ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രി നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണ് ഭരണം നടത്തേണ്ടത്. ഭരണഘടനയുടെ കാവല്‍ ഭടനാകേണ്ടയാളാണ് മന്ത്രി. ചട്ടങ്ങളും വകുപ്പുകളും താന്‍ ഇനിയും ലംഘിക്കുമെന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിക്കുന്നത് അതീവ ഗുരുതരമായ കാര്യമാണ്. സത്യപ്രതിജ്ഞ ലംഘിച്ച അദ്ദേഹത്തിന് മന്ത്രിയായി തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടിരിക്കുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുകയും അത് കേമത്തരമായി വിളിച്ച് പറഞ്ഞ് നടക്കുകയും ചെയ്യുകയാണ് മന്ത്രി. അര്‍ഹതയുള്ളവര്‍ക്ക് അര്‍ഹമായത് കൊടുക്കുകയാണ് താന്‍ ചെയ്യുന്നതെന്ന് മന്ത്രി പറയുന്നു. അര്‍ഹതയുള്ളവര്‍ക്ക് അര്‍ഹമായത് കൊടുക്കുന്നതിന് ആരും എതിരല്ല. പക്ഷേ അത് നിയമാനുസൃതമായി ചെയ്യണമെന്ന് ചെന്നിത്തല ചൂണ്ടികാട്ടി. തെറ്റു ചെയ്യുക മാത്രമല്ല അതിനെ ന്യായീകരിക്കുകയും അത് ആവര്‍ത്തിക്കുമെന്ന് പ്രഖ്യാപിക്കുകയുമാണ് മന്ത്രി ചെയ്യുന്നത്. ഇത് അനുവദിക്കാന്‍ കഴിയുന്ന കാര്യമാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ABOUT THE AUTHOR

...view details