റേഷന്‍ കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ ചോര്‍ന്നെന്ന് രമേശ് ചെന്നിത്തല - സ്‌പ്രിംഗ്ലര്‍ വിവാദം
12:40 April 15
നിയമ വകുപ്പിന്‍റെ അനുമതിയില്ലാതെ കരാര്‍ നല്‍കിയതെന്നും കരാറില്‍ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു
തിരുവനന്തപുരം:സ്‌പ്രിംഗ്ലര്‍ വിവാദത്തില്‍ ഗുരുതര ആരോപണവുമായി പ്രതിപക്ഷം. സംസ്ഥാനത്തെ 87 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ കൈമാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കൊവിഡ് പ്രതിരോധത്തിന്‍റെ മറവില്‍ വിവരങ്ങള്‍ അമേരിക്കന്‍ പി ആര്‍ കമ്പനിയായ സ്‌പ്രിംഗ്ലറിന് നല്‍കിയെന്നാണ് ആരോപണം.
കമ്പനിയുടെ ഏജന്‍റായി ഐ.ടി സെക്രട്ടറി പ്രവര്‍ത്തിക്കുന്നു. നിയമ വകുപ്പിന്‍റെ അനുമതിയില്ലാതെ കരാര്‍ നല്‍കിയതെന്നും ചെന്നിത്തല ആരോപിച്ചു. കമ്പനിയുടേത് സൗജന്യ സേവനമാണെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. കൊവിഡിന് ശേഷം ഫീസ് നല്‍കാമെന്ന് കരാറിലുണ്ടെന്നും ആരോപിച്ച ചെന്നിത്തല സംഭവത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. കരാറില്‍ പുന:പരിശോധന ആവശ്യപ്പെട്ട് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി