തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ പുരാതന വ്യാപാര കേന്ദ്രമായ ചാല കമ്പോളത്തിലെ ഒരു തെരുവിൽ പുതുതലമുറയ്‌ക്ക് വായനയുടെ വെളിച്ചം പടർത്തുകയാണ് പ്രദേശത്തെ മുതിർന്ന തലമുറ. ചാലയിലെ സഭാപതി കോവിൽ തെരുവിലാണ് ചാല കമ്പോളത്തിൻ്റെ സ്ഥാപകൻ കൂടിയായ രാജാകേശവദാസൻ്റെ പേരിൽ ഒരു ചെറിയ ഗ്രന്ഥശാല തുറന്നത്. ഇരുമ്പിൽ നിർമിച്ച കൂടാരത്തിനുള്ളിലാണ് ഗ്രന്ഥശാല തയ്യാറാക്കിയിരിക്കുന്നത്.
വായനയുടെ വെളിച്ചം പകർന്ന് തെരുവിലെ ഗ്രന്ഥശാല; പ്രവർത്തനം വഴിയരികിലെ ഇരുമ്പ് കൂടാരത്തിൽ നാട്ടിലെ കുട്ടികൾക്ക് നാട്ടിൽ തന്നെ ഒരു വായനശാല വേണമെന്ന മുതിർന്നവരുടെ ചിന്തയാണ് രാജാകേശവദാസ് ഗ്രന്ഥശാലയുടെ പിറവിക്ക് പിന്നിൽ. ചാല സഭാപതി നഗർ റസിഡൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ വിജയദശമി ദിനത്തിലാണ് ഗ്രന്ഥശാല പ്രവർത്തനമാരംഭിച്ചത്. അസോസിയേഷൻ പ്രസിഡൻ്റ് എം.പി സുരേഷ് കുമാർ, സെക്രട്ടറി എം.എസ് ഷമീർ ഹുസൈൻ, ട്രഷറർ വിനോദ് തുടങ്ങിയവരാണ് ഗ്രന്ഥശാലയ്‌ക്ക് നേതൃത്വം നൽകുന്നത്.
രാവിലെ ഏഴ് മണിക്ക് തുറക്കുന്ന ഗ്രന്ഥശാല വൈകുന്നേരം വരെ പ്രവർത്തിക്കും. പുതുതലമുറയുടെ വായനാശീലം പ്രോത്സാഹിപ്പിക്കുക, സാമൂഹിക സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഗ്രന്ഥശാല തുറന്നത്. സ്ഥലപരിമിതിയും ചെലവും കാരണം റോഡിനരികിൽ ഒരു ഇരുമ്പ് കൂടാരത്തിലാണ് ഗ്രന്ഥശാല സജ്ജീകരിച്ചിരിക്കുന്നത്.
ഇന്നിവിടെ നിരവധി പുസ്‌തകങ്ങളും, ആനുകാലിക പ്രസിദ്ധീകരണങ്ങളും, വിവിധ ദിനപത്രങ്ങളുമുണ്ട്. കുട്ടികളും പ്രദേശവാസികളുമടക്കം നിരവധി പേർ രാജാകേശവദാസൻ ഗ്രന്ഥശാലയിലെ സ്ഥിരം വായനക്കാരാണ്. ക്രമേണ പുസ്‌തക ശേഖരം വിപുലീകരിക്കാനാണ് സഭാപതി നഗർ റസിഡൻ്റ്സ് അസോസിയേഷൻ അധികൃതരുടെ തീരുമാനം.
ഇവിടെയുള്ള പുസ്‌തകങ്ങളിൽ ഭൂരിഭാഗവും അക്ഷരപ്രേമികൾ സുമനസോടെ നൽകിയവയാണ്. പത്രങ്ങൾ വാങ്ങുന്നതിന് സ്‌പോൺസർമാരുടെ സഹായവും ലഭിക്കുന്നുണ്ട്. ഇതിന് പുറമെ അസോസിയേഷൻ ഭാരവാഹികളുടെയും അംഗങ്ങളുടെയും ചെലവിൽ കൂടുതൽ പുസ്‌തകങ്ങൾ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവർ.