തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമുണ്ടായെങ്കിലും അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളുടെ മലയോര മേഖലകളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ടയിലെ കക്കി, പമ്പ അണക്കെട്ടുകളും കൊല്ലം ജില്ലയിലെ കല്ലട അണക്കെട്ടും ഇന്ന് രാവിലെ തുറക്കും. പമ്പ അണക്കെട്ടിന്‍റെ പരിസരങ്ങളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കൂട്ടിക്കലും കൊക്കയാറും തെരച്ചില്‍
ഉരുൾ പൊട്ടലുണ്ടായ കൂട്ടിക്കലും കൊക്കയാറിലും ആകെ മരണം 23 ആയി. രണ്ടിടത്തും ഇന്നലെ കണ്ടെടുത്ത മൃതദേഹങ്ങൾ ഇന്ന് സംസ്‌കരിയ്ക്കും. അതേസമയം, രണ്ടിടത്തും സൈന്യവും എൻഡിആർഎഫും കാണാതായവർക്കായുള്ള തെരച്ചില്‍ ഇന്നും തുടരും. കനത്ത മഴ കുറഞ്ഞ സാഹചര്യത്തില്‍ തെരച്ചില്‍ വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
മന്ത്രിമാരായ കെ രാജൻ, റോഷി അഗസ്റ്റിൻ, വീണ ജോർജ്, കെ രാധാകൃഷ്‌ണൻ എന്നിവർ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ മഴക്കെടുതി മേഖലകളില്‍ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ രക്ഷാപ്രവർത്തനത്തിന് തയ്യാറായി നേവിയും വ്യോമസേനയും സജ്ജമാണെന്ന് ജില്ല ഭരണകൂടങ്ങൾ അറിയിച്ചു.
വടക്കൻ കേരളത്തില്‍ മഴ
ഇന്ന് കേരളത്തിന്‍റെ വടക്കൻ ജില്ലകളില്‍ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പുള്ളത്. കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ മഴയ്ക്ക് നേരിയ ശമനമുണ്ട്. പാലക്കാട് ജില്ലയിലെ ആറ് ഡാമുകൾ തുറന്നു. കോഴിക്കോട് ജില്ലയിലെ കക്കയം ഡാം പരിസരത്ത് ജാഗ്രത നിർദേശമുണ്ട്. ബുധനാഴ്‌ച മുതല്‍ വീണ്ടും കേരളത്തില്‍ മഴ ശക്തമാകുമെന്നും കാറ്റിന്‍റെ ശക്തി വർധിക്കുമെന്നും മുന്നറിയിപ്പുണ്ട്.
Also read: ബുധനാഴ്‌ച മുതൽ വ്യാപക മഴയ്ക്ക് സാധ്യത ; ദുരന്ത നിവാരണ സംവിധാനങ്ങൾ സജ്ജമെന്ന് മുഖ്യമന്ത്രി