തിരുവനന്തപുരം: ട്രെയിൻ ഗതാഗതം നിലച്ചതോടെ ദുരിതത്തിലായി റെയിൽവേ പോർട്ടർമാര്‍. യാത്രക്കാരുടെ ലഗേജുകൾ എടുക്കുന്നതായിരുന്നു ഇവരുടെ പ്രധാന വരുമാന മാർഗം. എന്നാൽ ലോക്ക് ഡൗണിനെത്തുടർന്ന് ട്രെയിനുകൾ സർവീസ് അവസാനിപ്പിച്ചതോടെ അത് നിലച്ചു. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ മാത്രം 84 പോർട്ടർമാരാണ് ജോലി ചെയ്യുന്നത്. എന്നാൽ പണി ഇല്ലാതായതോടെ പലരും ദുരിതത്തിലാണ്.
ട്രെയിന്‍ സര്‍വീസ് നിലച്ചു; പ്രതിസന്ധിയിലായി റെയിൽവേ പോർട്ടർമാര്‍ - റെയില്‍വേ വാര്‍ത്തകള്‍
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ മാത്രം 84 പോർട്ടർമാരാണ് ജോലി ചെയ്യുന്നത്. എന്നാൽ പണി ഇല്ലാതായതോടെ പലരും ദുരിതത്തിലാണ്.

സംസ്ഥാനത്തുള്ള മുഴുവൻ പോർട്ടർമാരുടെയും അവസ്ഥയും ഇതു തന്നെയാണ്. റെയിൽവേയിൽ നിന്ന് ഇതുവരെ ഒരു സഹായവും ഇവർക്ക് ലഭിച്ചിട്ടില്ല. എന്നാൽ തിരുവനന്തപുരം ഡിവിഷണൽ കൊമേഴ്സ് മാനേജറുടെ നേതൃത്വത്തിൽ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ എല്ലാ പോർട്ടർമാർക്കും രണ്ടായിരം രൂപ വീതം നൽകിയത് ചെറിയ ആശ്വാസമാണെന്ന് ഇവർ പറയുന്നു.
യൂണിയനുകളുടെ നേതൃത്വത്തിൽ തൊഴിലാളികളുടെ വീട്ടിൽ ഭക്ഷണ കിറ്റുകളും എത്തിച്ചു. എന്നാൽ ഇതൊന്നും മുന്നോട്ടു പോക്കിന് പര്യാപ്തമല്ല. തിരുവനന്തപുരം ഡിവിഷന്‍റെ നേതൃത്വത്തിൽ പോർട്ടർമാരെ ഉപയോഗിച്ച് പാഴ്സലുകൾ വീടുകളിൽ എത്തിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ഇത് തുടങ്ങിയാൽ ഒരു പരിധി വരെ ഇവർക്ക് ആശ്വാസമാകും. ദീർഘദൂര യാത്ര ട്രെയിനുകൾ സർവീസ് ആരംഭിച്ച് യാത്രക്കാരുടെ എണ്ണം വർധിക്കുമ്പോൾ ഈ ദുരിതകാലം അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.