തിരുവനന്തപുരം : അനന്തപുരി എഫ്എം ശ്രോതാക്കളുടെ പ്രിയപ്പെട്ട അനൗണ്‍സര്‍ കാഞ്ചിയോട് ജയന്‍ മേയ് 31ന് ആകാശവാണിയില്‍ നിന്ന് വിരമിക്കുന്നു. പ്രധാന സ്റ്റേഷനിലും വാണിജ്യ പ്രക്ഷേപണത്തിലുമായി 33 വര്‍ഷം സേവനമനുഷ്‌ഠിച്ച ശേഷമാണ് പടിയിറക്കം. തിരുവനന്തപുരം, കണ്ണൂര്‍, ദേവികുളം നിലയങ്ങളില്‍ ജോലി ചെയ്‌ത കാഞ്ചിയോട് ജയന്‍ ശ്രോതാക്കളുടെ പ്രിയങ്കരനായ അനൗണ്‍സറാണ്.
അനന്തപുരി എഫ്എമ്മിലെ ചലച്ചിത്ര ഗാനങ്ങളുടെ അവതാരകനായിരിക്കെ നടത്തിയ പരീക്ഷണങ്ങളാണ് കാഞ്ചിയോട് ജയനെ ജനപ്രിയനാക്കിയത്. ലളിതവും സുന്ദരവുമായ ശബ്‌ദത്തിലുളള ശാന്തമായ അവതരണമാണ് അദ്ദേഹത്തിന്‍റെ പ്രത്യേകത. സംഗീതത്തിലും സാഹിത്യത്തിലുമുളള അറിവും അഭിരുചിയും, ശ്രോതാക്കളുടെ ഇഷ്‌ടമറിഞ്ഞ് പാട്ടുകള്‍ തെരഞ്ഞെടുക്കുന്നതിലുളള മികവ്, ദിവസത്തിന്‍റെ വിവിധ സമയങ്ങളില്‍ ആസ്വാദ്യമാകുന്ന പാട്ടുകള്‍ കണ്ടെത്തല്‍, പാട്ടുകളിലെ വൈവിധ്യം, വിവിധ കാലഘട്ടങ്ങളിലെ പാട്ടുകള്‍ ഉള്‍പ്പെടുത്തല്‍, അവതരണത്തിലെ പുതുമ, ശബ്‌ദത്തിലൂടെ പ്രസരിപ്പിക്കുന്ന ഊര്‍ജം, ഒരിക്കലും ചോരാത്ത ആവേശം തുടങ്ങി വിവിധ ഘടകങ്ങള്‍ അനൗണ്‍സറില്‍ ഒന്നിച്ചുചേരുമ്പോഴാണ് മികച്ച റേഡിയോ അവതാരകന്‍ ജനിക്കുകയെന്ന് കാഞ്ചിയോട് ജയന്‍ പറയുന്നു.
ആകാശവാണിയിലെ ജനപ്രിയ അവതാരകന്‍ കാഞ്ചിയോട് ജയന്‍ വിരമിക്കുന്നു ശ്രോതാക്കളുടെ പ്രിയങ്കരനായ അനൗണ്‍സര്‍ : തിരുവനന്തപുരത്ത് നിന്ന് പതിറ്റാണ്ടുകള്‍ക്കുമുന്‍പ് അതിജീവനത്തിനായി കൊല്ലം ജില്ലയിലെ ആര്യങ്കാവിലേക്ക് കുടിയേറിയതാണ് കാഞ്ചിയോട് ജയന്‍റെ കുടുംബം. ചെമ്പൂര് എല്‍എംഎസ് എല്‍പി സ്‌കൂള്‍, ആര്യങ്കാവ് സെന്‍റ് മേരീസ് യുപി സ്‌കൂള്‍, നെടുമ്പാറ ടിസിഎന്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായി സ്‌കൂള്‍ വിദ്യാഭ്യാസം. കൊല്ലം എസ്എന്‍ കോളേജില്‍ ബിരുദം, കേരള സര്‍വകലാശാലയുടെ കാര്യവട്ടം മലയാള വിഭാഗത്തില്‍ നിന്ന് ബിരുദാനന്തര ബിരുദവും ബിഎഡും പൂര്‍ത്തിയാക്കി.
ഇക്കാലത്തെല്ലാം സാഹിത്യത്തോടും സംഗീതത്തോടുമുളള അടങ്ങാത്ത അഭിനിവേശം കൊണ്ടുനടന്ന കാഞ്ചിയോട് ജയന്‍ കഥാപ്രസംഗം, സംഗീതം എന്നിവയില്‍ ശ്രദ്ധയൂന്നി. അധ്യാപനവും കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. വിജയന്‍ എന്നാണ് യഥാര്‍ഥ പേരെങ്കിലും അനശ്വര നടന്‍ ജയനോടുളള ആരാധന മൂലം കാഞ്ചിയോട് ജയന്‍ എന്ന് മാറ്റുകയായിരുന്നു.
ഞങ്ങള്‍ ഉറുമ്പുകള്‍ എന്ന പേരില്‍ കവിതാസമാഹാരവും പ്രസിദ്ധീകരിച്ചു. ശ്രോതാക്കളുടെ ഇഷ്‌ടങ്ങളറിഞ്ഞ് പ്രവര്‍ത്തിച്ച ചാരിതാര്‍ഥ്യത്തോടെയാണ് കാഞ്ചിയോട് ജയന്‍റെ ആകാശവാണിയില്‍ നിന്നുളള മടക്കം. കഴിഞ്ഞ 5 വര്‍ഷമായി കാഞ്ചീരവം എന്ന പേരില്‍ റേഡിയോ ശ്രോതാക്കളുടെ ആസ്വാദന പത്രിക കാഞ്ചിയോട് ജയന്‍റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. നിലവില്‍ ആകാശവാണിയില്‍ ബി ഗ്രേഡ് കഥാപ്രസംഗം ആര്‍ട്ടിസ്റ്റാണ്.