തിരുവനന്തപുരം: ശംഖുമുഖം റോഡ് നിർമാണം മാർച്ചിൽ പൂർത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സമയബന്ധിതമായി നിർമാണം പൂർത്തിയാക്കാത്ത കമ്പനികൾക്ക് ഇളവ് നൽകില്ല. ആർക്കും പ്രത്യേക പട്ടം ചാർത്തി കൊടുത്തിട്ടില്ലെന്നും നിർമാണ ചുമതലയുള്ള ഊരാളുങ്കൽ സൊസൈറ്റിയെ പറ്റിയുള്ള ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
ശംഖുമുഖം റോഡിൻ്റെ നിർമാണവുമായി ബന്ധപ്പെട്ട അവലോകനയോഗത്തിൽ ഊരാളുങ്കൽ സൊസൈറ്റിയുടെ പ്രതിനിധികൾ പങ്കെടുക്കാതിരുന്നതിനെ മന്ത്രി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. യോഗത്തിനുശേഷം നിർമാണത്തിൽ നല്ല പുരോഗതിയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രി പിഎ മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പ്രതികരിക്കുന്നു Also read: ആലപ്പുഴ കൊലപാതകങ്ങള്‍ : 'പ്രതികൾ എവിടെ ഒളിച്ചാലും കണ്ടെത്തും,വീഴ്‌ചയുണ്ടായിട്ടില്ലെന്നും സജി ചെറിയാൻ
ഫെബ്രുവരി അവസാനത്തോടെ ഡയഫ്രം വാൾ പൂർത്തീകരിച്ച് കാലാവസ്ഥ അനുകൂലമാണെങ്കിൽ ഉടൻതന്നെ റോഡിൻ്റെ നിർമാണവും നടത്താമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തെ വിവിധ നിർമാണ പ്രവൃത്തികൾ സമയബന്ധിതമായി ഗുണനിലവാരത്തോടെ പൂർത്തിയാക്കിയ കമ്പനിയാണെന്നതുകൊണ്ട് ചിലയിടങ്ങളിൽ അലംഭാവം കാട്ടുന്നത് അനുവദിക്കാമെന്ന നിലപാട് വകുപ്പിനില്ലെന്നും ഊരാളുങ്കൽ സൊസൈറ്റിയുടെ പേര് പരാമർശിക്കാതെ മന്ത്രി പറഞ്ഞു.
സമയബന്ധിതമായി പൊതുമരാമത്ത് വകുപ്പിൻ്റെ നിർമാണപ്രവൃത്തികൾ പൂർത്തീകരിക്കുന്നതിന് ജനുവരി ഒന്നു മുതൽ നിയോജകമണ്ഡലം അടിസ്ഥാനത്തിൽ നിരീക്ഷണ സംഘം പ്രവർത്തനമാരംഭിക്കും.
ഗുണനിലവാര പരിശോധനകൾക്ക് തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും പ്രവർത്തിക്കുന്ന റീജ്യണല്‍ ലാബുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തും. സമയബന്ധിതമായി നിർമാണം പൂർത്തിയാക്കുന്ന കമ്പനികൾക്ക് ഇൻസെൻ്റീവ് നൽകുന്ന സംവിധാനം പുനസ്ഥാപിക്കാൻ ആലോചിക്കുന്നതായും മന്ത്രി വ്യക്തമാക്കി.