തിരുവനന്തപുരം:സംസ്ഥാനത്ത് അഞ്ച് വയസിന് താഴെയുള്ള 20,56,431 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. 24,614 ബൂത്തുകള്‍ വഴി അഞ്ച് വയസ് വരെയുള്ള 24,36,298 കുട്ടികള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കാന്‍ ലക്ഷ്യമിട്ടിരുന്നതെന്നും ആരോഗ്യ മന്ത്രി വ്യക്‌തമാക്കി.
തുളളിമരുന്ന് വിതരണം ചെയ്യുന്നതിനായി 49,228 വോളണ്ടിയർമാരെയും 2,183 സൂപ്പര്‍വൈസര്‍മാരേയും സജ്ജമാക്കിയിരുന്നു. കൊവിഡ് പശ്ചാത്തലത്തിലും 84.41 ശതമാനം കുട്ടികളും വാക്‌സിന്‍ സ്വീകരിച്ചു. പോളിയോ ബൂത്തുകള്‍ക്ക് പുറമേ ബസ് സ്റ്റാന്‍റുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലും ട്രാന്‍സിറ്റ് ബൂത്തുകള്‍ സജ്ജമാക്കിയിരുന്നു.
തിരുവനന്തപുരം 1,99,618, കൊല്ലം 1,50,797, പത്തനംതിട്ട 60,340, ആലപ്പുഴ 1,20,195, കോട്ടയം 99,497, ഇടുക്കി 66,513, എറണാകുളം 1,83,217, തൃശൂര്‍ 1,83,120, പാലക്കാട് 1,77,390, മലപ്പുറം 3,07,163, കോഴിക്കോട് 2,01,151, വയനാട് 53,779, കണ്ണൂര്‍ 1,57,072, കാസര്‍ഗോഡ് 96,579 എന്നിങ്ങനേയാണ് ജില്ല അടിസ്ഥാനത്തില്‍ പോളിയോ തുള്ളിമരുന്ന് സ്വീകരിച്ചത്.
ALSO READ:യുദ്ധമുഖത്ത് നിന്ന് അവരെത്തി.. മക്കളെ വാരിപ്പുണർന്ന് മാതാപിതാക്കൾ..
ഞായറാഴ്‌ച പോളിയോ തുള്ളിമരുന്ന് എടുക്കാന്‍ കഴിയാത്ത കുട്ടികള്‍ക്ക് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി പോളിയോ തുള്ളിമരുന്ന് നല്‍കുന്നതാണ്. പോളിയോ തുള്ളിമരുന്ന് എടുക്കാന്‍ കഴിയാത്തവര്‍ തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടേണ്ടതാണെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.