തിരുവനന്തപുരം:സൂപ്പർ താരം പൃഥ്വിരാജിനെ 'രാജുവേട്ടാ' എന്ന് വിളിച്ച് മേയർ ആര്യ രാജേന്ദ്രൻ. ജീവിതത്തിൽ ആദ്യമായാണ് ഒരു മേയർ ഇങ്ങനെ വിളിച്ച് പരിപാടിക്ക് ക്ഷണിച്ചതെന്ന് പൃഥ്വിരാജ്. സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ കാൽനട മേൽപ്പാലം കിഴക്കേക്കോട്ടയിൽ സമർപ്പിച്ച ചടങ്ങിലാണ് കൗതുകമുണർത്തുന്ന ഈ സംഭാഷണം.
'ഒരു മേയർ രാജുവേട്ടാ എന്ന് വിളിക്കുന്നത് ആദ്യം'; കിഴക്കേക്കോട്ട മേൽപ്പാലം ഉദ്‌ഘാടനത്തിൽ ചിരിപടർത്തി പൃഥ്വിരാജ് മേൽപ്പാലത്തിലെ സെൽഫി പോയിൻ്റ് സമർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. ജന്മനാട്ടിൽ, പ്രത്യേകിച്ച് പഠനകാലത്ത് ബൈക്കിൽ അമിത വേഗത്തിൽ പോയതിന് പൊലീസ് പിടിച്ചു നിർത്തിയിട്ടുള്ള കിഴക്കേക്കോട്ടയിൽ പൊതുചടങ്ങിൽ പങ്കെടുക്കാനായതിൽ സന്തോഷമുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു.
ഉത്സവാന്തരീക്ഷത്തിലാണ് മേൽപ്പാലം മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചത്. നാല് കോടി രൂപ ചെലവിലാണ് പാലത്തിൻ്റെ നിർമാണം. 104 മീറ്റർ നീളമുണ്ട് പാലത്തിന്. ലിഫ്‌റ്റ്, സിസിടിവി സുരക്ഷ, പൊലീസ് സഹായകേന്ദ്രം, ക്ലോക്ക് ടവർ തുടങ്ങിയവയെല്ലാം പാലത്തോട് ചേർന്നുണ്ട്.
തിരുവനന്തപുരത്തുകാരായ പ്രമുഖരുടെ ചിത്രങ്ങൾ സ്ഥാപിച്ചതാണ് സെൽഫി പോയിൻ്റ്. സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ നഗര കേന്ദ്രങ്ങളിലൊന്നാണ് കിഴക്കേക്കോട്ട. കാൽനട മേൽപ്പാലം തുറന്നതോടെ ഇവിടത്തെ ഗതാഗതക്കുരുക്കിന് ശമനമുണ്ടാകുമെന്നാണ് നഗരവാസികളുടെ പ്രതീക്ഷ.