തിരുവനന്തപുരം :വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന തടവുകാരന്‍ രണ്ടായിരത്തിലേറെ തവണ പുറത്തേക്ക് ഫോണ്‍ വിളിച്ച സംഭവത്തില്‍ സൂപ്രണ്ടിനോട് ജയില്‍ ഡിജിപി വിശദീകരണം തേടി. ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കാനാണ് ഡിജിപി ആവശ്യപ്പെട്ടിരിക്കുന്നത്.
തിരുവനന്തപുരം വെഞ്ഞാറമ്മൂട് ഗീതാലയത്തില്‍ രാജീവാണ് 5 മാസത്തിനിടെ രണ്ടായിരത്തിലേറെ തവണ ജയിലിന് പുറത്തേക്ക് ഫോണ്‍ വിളിച്ചത്. അനധികൃതമായി തോക്ക് കൈവശം വച്ച കേസിലാണ് ഇയാൾ ജയിലിലുള്ളത്.
ഇയാള്‍ ജയിലില്‍ നിന്ന് തന്നെ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്ന് കാട്ടി മാള സ്വദേശിയായ ജോഷി പെരേപ്പാടന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്.
ALSO READ :മര്‍ദനവും അസഭ്യവര്‍ഷവും ; കൊല്ലത്ത് ഇതര സംസ്ഥാന യുവതിക്ക് നേരെ ആക്രമണം
ഒന്നര വര്‍ഷം മുന്‍പ് ഈ റിപ്പോര്‍ട്ട് രഹസ്യ റിപ്പോര്‍ട്ടായി കോടതിയില്‍ നല്‍കിയിരുന്നെങ്കിലും ഇപ്പോഴാണ് ഉള്ളടക്കം പുറത്തുവരുന്നത്. വിയ്യൂര്‍ പടക്കാട്ടെ മൊബൈല്‍ ടവറില്‍ നിന്നാണ് വിളികള്‍ പോയതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഫോണ്‍ വിളികള്‍ക്ക് പിന്നില്‍ ജോഷി പെരേപ്പാടനെ ഭീഷണിപ്പെടുത്തി 25 ലക്ഷം തട്ടാനുള്ള ക്വട്ടേഷനാണെന്നാണ് പൊലീസ് പറയുന്നത്. 25 ലക്ഷം നല്‍കിയില്ലെങ്കില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.
ആകെ ആറ് നമ്പരുകളില്‍ നിന്നാണ് ജോഷിയുടെ മൊബൈലില്‍ ഫോണ്‍ വിളിയെത്തിയത്. ഇതില്‍ രണ്ട് നമ്പര്‍ ജയില്‍ ജീവനക്കാരുടേതാണെന്നാണ് സൂചന.