തിരുവനന്തപുരം: അടിക്കാത്ത ലോട്ടറി ടിക്കറ്റിൽ നമ്പർ തിരുത്തി ലോട്ടറി കച്ചവടക്കാരനെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ ശ്രീകാര്യം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ 6 .30ന് ശ്രീകാര്യം ജംഗ്‌ഷനിലെ കളഭം ലക്കി സെന്‍ററിലായിരുന്നു സംഭവം.
നമ്പർ തിരുത്തി ലോട്ടറി തട്ടിപ്പ് നടത്തിയ പ്രതിയെ തേടി പൊലീസ് - തിരുവനന്തപുരത്ത് ലോട്ടറി തട്ടിപ്പ്
ബുധനാഴ്ച രാവിലെ 6 .30ന് ശ്രീകാര്യം ജംഗ്‌ഷനിലെ കളഭം ലക്കി സെന്‍ററിലായിരുന്നു സംഭവം. ആയ്യായിരം രൂപയാണ് തട്ടിപ്പിലൂടെ പ്രതി സ്വന്തമാക്കിയത്.
നല്ല രീതിയിൽ വസ്ത്രധാരണം ചെയ്ത കാറിലെത്തിയ ആൾ കടയിലെത്തി കഴിഞ്ഞ ദിവസം നറുക്കെടുത്ത കേരള വിൻവിൻ ഭാഗ്യക്കുറിയുടെ ടിക്കറ്റ് തരുകയും അതിന് 5000 രൂപയുടെ സമ്മാനം ഉണ്ടെന്നും ഇത് മാറി തരണമെന്നും ആവശ്യപ്പെട്ടു. റിസൾട്ടുമായി ഒത്തുനോക്കിയപ്പോൾ അയാൾ നൽകിയ WC 644184 ടിക്കറ്റ് നമ്പറിന് അയ്യായിരം രൂപയുടെ സമ്മാനം ഉള്ളതായി ബോധ്യപ്പെട്ടതിനെ തുടർന്ന് സമ്മാനത്തുക കടക്കാരൻ നൽകുകയായിരുന്നു. പൈസ വാങ്ങിയ ശേഷം കടയിൽ നിന്ന് പുതിയ ലോട്ടറി ടിക്കറ്റും എടുത്താണ് അയാൾ മടങ്ങിയത്.
ഉച്ചയോടെ കടയുടമ സമ്മാനമടിച്ച ടിക്കറ്റുമായി പഴവങ്ങാടിയിലെ ലോട്ടറി മൊത്തക്കച്ചവടസ്ഥാനത്തിൽ എത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി അറിയുന്നത്. തട്ടിപ്പ് നടത്തിയയാൾ കൊണ്ടുവന്ന ടിക്കറ്റിന്‍റെ യഥാർഥ നമ്പർ WC 644134 എന്നായിരുന്നു. അത് തിരുത്തിയാണ് തട്ടിപ്പ് നടത്തിയത്. തുടർന്ന് കടയുടമയായ പ്രേമകുമാർ ശ്രീകാര്യം പൊലീസിൽ പരാതി നൽകുകയായിരുന്നു. സമീപത്തെ സി.സി.ടി.വിയിൽ നിന്ന് പ്രതിയുടെ ചിത്രം പൊലീസിന് ലഭിച്ചിട്ടുണ്ട്.