കേരളം

kerala

ETV Bharat / city

പി.എസ്.സി പരീക്ഷാ തട്ടിപ്പ്; നിര്‍ണായക തെളിവായ ഫോണ്‍ കണ്ടെത്തി - psc exam fraud case latest news

ശിവരഞ്ജിത്തും നസീമും ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ഉത്തരങ്ങള്‍ കൈമാറാന്‍ കേസിലെ ആറാം പ്രതി പ്രവീണ്‍ ഉപയോഗിച്ച ഫോണാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.

ഫോണ്‍

By

Published : Nov 23, 2019, 3:34 PM IST

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസില്‍ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം കണ്ടെത്തി. കേസിലെ ആറാം പ്രതിയും യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥിയുമായ പ്രവീണ്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ ആണ് കണ്ടെത്തിയത്. ബംഗളൂരുവില്‍ നിന്നും ജാര്‍ഖണ്ഡ് സ്വദേശിയുടെ കൈവശം സൂക്ഷിച്ചിരുന്ന ഫോണ്‍ ആണ് ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചത്.

ചോദ്യം ചെയ്യലില്‍ ഫോണ്‍ നശിപ്പിച്ചുവെന്നാണ് പ്രവീണ്‍ അന്വേഷണ സംഘത്തോട് ആവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ക്രൈംബ്രാഞ്ച് നടത്തിയ വിശദമായ അന്വേഷണത്തില്‍ സ്റ്റാച്യുവിലുള്ള ഒരു കടയില്‍ നിന്ന് തവണ വ്യവസ്ഥയിലാണ് ഫോണ്‍ വാങ്ങിയതെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇതിന്‍റെ ഐ.എം.ഇ നമ്പര്‍ കണ്ടെത്തി സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ ഫോണ്‍ ബെംഗളൂരുവിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

പരീക്ഷാ തട്ടിപ്പു കേസില്‍ പ്രതിയായതിനു പിന്നാലെ പ്രവീണ്‍ ഫോണ്‍ മറ്റൊരു കടയില്‍ വില്‍പ്പന നടത്തി. ഇവിടെ നിന്നാണ് ജാര്‍ഖണ്ഡ് സ്വദേശിക്ക് ഫോണ്‍ ലഭിച്ചത്. എസ്.ഐ അനൂപ്, സൈബര്‍ സെല്‍ സി.ഐ സ്റ്റാര്‍മോന്‍ എന്നിവരടങ്ങിയ സംഘമാണ് ഫോണ്‍ കണ്ടെത്തിയത്. പരീക്ഷാ സമയത്ത് ശിവരഞ്ജിത്തിന്‍റെ സ്മാര്‍ട്ട് വാച്ചില്‍ നിന്ന് ചോദ്യങ്ങള്‍ പ്രവീണിന്‍റെ ഫോണിലേക്കാണ് എത്തിയത്. ഇതേ ഫോണിലൂടെ ശിവരഞ്ജിതിനും നസീമിനും മറ്റ് പ്രതികള്‍ക്കും പ്രവീണും ഗോകുലും ചേര്‍ന്ന് ഉത്തരങ്ങള്‍ അയച്ചു കൊടുക്കുകയായിരുന്നു. ഫോണ്‍ വിദഗ്‌ധ പരിശോധനക്കായി സൈബര്‍ സെല്ലിന് കൈമാറിയതായി ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഹരികൃഷ്ണന്‍ അറിയിച്ചു.

ABOUT THE AUTHOR

...view details