തിരുവനന്തപുരം: പൂവാറിൽ യുവാവിനെ എസ്‌ഐ കസ്റ്റഡിയിലെടുത്ത് മർദിച്ചതായി പരാതി. പൂവാർ കല്ലിംഗവിളാകാം സ്വദേശി സുധീർഖാനെയാണ് മർദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പൂവാർ എസ്‌ഐ സനലിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തു. സ്പെഷ്യൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് എസ്ഐക്കെതിരെ നടപടിയെടുത്തത്.
ഞായറാഴ്‌ച രാവിലെയായിരുന്നു സംഭവം. ഭാര്യയെ ബീമാപള്ളിയിലെ വീട്ടിലേക്ക് ബസ് കയറ്റി വിട്ട ശേഷം പൂവാറിൽ നിൽക്കുകയായിരുന്ന സുധീര്‍ ഖാനോട് പൊലീസ് സംഘം ലൈസൻസ് ആവശ്യപ്പെട്ടു. രേഖകൾ ബൈക്കിൽനിന്ന് എടുക്കുന്നതിനു മുമ്പ് തന്നെ മർദനം ആരംഭിക്കുകയായിരുന്നുവെന്നും വാഹനത്തിലുണ്ടായിരുന്ന പൊലീസുകാരും എസ്ഐയും സ്റ്റേഷനിലെത്തി മർദനം തുടർന്നുവെന്നും പരാതിയില്‍ പറയുന്നു.