തിരുവനന്തപുരം: അഞ്ച് വർഷം കൊണ്ട് ലക്ഷ്യമിട്ട പദ്ധതികൾ നാല് വർഷം കൊണ്ട് തന്നെ എൽ.ഡി.എഫ് സർക്കാർ നേടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ അഞ്ചാം വർഷത്തിലേക്ക് കടക്കുന്നതിന്‍റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് നേട്ടങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ എണ്ണി പറഞ്ഞത്. വെല്ലുവിളികൾ ഏറെ നേരിട്ടാണ് സംസ്ഥാനം വികസന കുതിപ്പ് നടത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ട് പ്രളയവും നിപയും കൊവിഡും നമ്മുടെ വികസനത്തെ തളർത്തിയില്ല. ഇക്കാലയളവിൽ അതിജീവിക്കുക വെല്ലുവിളിയാണ്. എന്നാൽ വെല്ലുവിളി ഏറ്റെടുത്ത് മുന്നേറ്റം സൃഷ്ടിക്കാൻ കഴിഞ്ഞു. വികസനത്തിനൊപ്പം ദുരന്തനിവാരണം കൂടി ഏറ്റെടുക്കേണ്ടി വന്നിട്ടുണ്ട്. ഒരോ വർഷം ഓരോ പ്രതിസന്ധിയെ നേരിട്ടു. പകച്ചു നിൽക്കാതെ മുന്നേറാനായതായും മുഖ്യമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രകടന പത്രിക ചിലർക്ക് ജനങ്ങളെ കബളിപ്പിച്ച് വോട്ട് നേടാനുള്ള അഭ്യാസമായാണ് കാണുന്നത്. എന്നാൽ ഇടത് മുന്നണിയുടെ രീതി അതല്ല. വാഗ്ദാനങ്ങൾ പാലിക്കപ്പെടണം. നവകേരള സൃഷ്ടിയാണ് സർക്കാർ ലക്ഷ്യം. നാല് മിഷനുകളിലൂടെ ഫലപ്രദമായ ഇടപെടൽ നടത്താൻ സർക്കാറിന് കഴിഞ്ഞിട്ടുണ്ട്. നദികളെ പുനരുജ്ജീവിപ്പിച്ചു. 546 പച്ച തുരുത്തുകൾ സൃഷ്ടിച്ചു. പൊതുവിദ്യാഭ്യാസം മികച്ച നിലവാരത്തിൽ എത്തിച്ചു. സ്ത്രീ സൗഹൃദ വികസനം സാധ്യമാക്കി. 5 ലക്ഷത്തിലധികം കുട്ടികൾ പൊതുവിദ്യാലയങ്ങളിലെത്തി. കുടുംബശ്രീയ്ക്ക് റെക്കോർഡ് വളർച്ചയാണ് ഉണ്ടായത്. കേരളാ ബാങ്ക് രൂപീകരണം അതിജീവനത്തിന്‍റെ പാതയിലെ മുതൽകൂട്ടാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായി കേരള ബാങ്ക്. സ്റ്റാർട്ടപ്പ് സൗഹൃദ നാടായി സംസ്ഥാനത്തെ മാറ്റാൻ കഴിഞ്ഞു. ഐ.ടി. രംഗത്തും നേട്ടം വലുതാണ്. ലോകോത്തര കമ്പനികൾ കേരളത്തിലേക്ക് വന്നു. ഇന്‍റര്‍നെറ്റ് പൗരാവകാശമാക്കിയ ആദ്യ സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു.