കേരളം

kerala

ETV Bharat / city

തീരശോഷണം പഠിക്കാൻ വിദഗ്‌ധ സമിതി; വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവയ്‌ക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി - തീരശോഷണം

തീരമേഖലകളിലുണ്ടായ തീരശോഷണം സംബന്ധിച്ച് പഠിക്കുന്നതിന് വിദഗ്‌ധ സമിതിയെ നിയോഗിക്കുമെന്നും സമിതിയുടെ റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

വിഴിഞ്ഞം മുഖ്യമന്ത്രി  വിഴിഞ്ഞം തുറമുഖ നിര്‍മാണം മുഖ്യമന്ത്രി നിയമസഭ  നിയമസഭ സമ്മേളനം  വിഴിഞ്ഞം കടകംപള്ളി സതീശന്‍  വിഴിഞ്ഞം സമരം  kerala assembly session  pinarayi vijayan on vizhinjam port construction  vizhinjam port construction  protest against vizhinjam port construction  pinarayi vijayan  വിഴിഞ്ഞം തുറമുഖ സമരം  വിഴിഞ്ഞം സമരത്തിനെതിരെ മുഖ്യമന്ത്രി  മുഖ്യമന്ത്രി പിണറായി വിജയൻ  തുറമുഖം നിർമാണം  തീരശോഷണം  മുഖ്യമന്ത്രി
തീരശോഷണം പഠിക്കാൻ വിദഗ്‌ധ സമിതി; വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവയ്‌ക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി

By

Published : Aug 30, 2022, 12:56 PM IST

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തെ തുടർന്ന് തീരമേഖലകളിലുണ്ടായ തീരശോഷണം സംബന്ധിച്ച് പഠിക്കുന്നതിന് വിദഗ്‌ധ സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കും. മൂന്ന് മാസത്തിനുള്ളിൽ ഇടക്കാല റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

തുറമുഖം നിർമാണം നിർത്തിവയ്‌ക്കണമെന്നത് ഒഴികെയുള്ള പ്രതിഷേധക്കാരായ മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങളിൽ ഭൂരിഭാഗവും സർക്കാർ അംഗീകരിച്ചിട്ടുണ്ട്. പദ്ധതിക്ക് ആവശ്യമായ എല്ലാ പഠനവും പൂർത്തിയാക്കിയ ശേഷമാണ് നിർമാണം തുടങ്ങിയത്. പത്ത് കിലോമീറ്ററിലെ വ്യതിയാനം സംബന്ധിച്ച് ആറ് മാസം കൂടുമ്പോൾ പഠിക്കുന്നുണ്ട്.

തീരശോഷണത്തിന് കാരണം കാലാവസ്ഥ വ്യതിയാനം:തുറമുഖ നിർമാണം കൊണ്ട് തീരശോഷണം സംഭവിക്കുന്നുവെന്ന് ഇതുവരെ ഒരു റിപ്പോർട്ടും ലഭിച്ചിട്ടില്ല. പദ്ധതി കാരണമാണ് തീരശോഷണം സംഭവിക്കുന്നതെന്നത് അടിസ്ഥാനരഹിതമായ വാദമാണ്. നേരത്തെയും ഇവിടെ തീരശോഷണം സംഭവിക്കുന്നുണ്ട്. കാലാവസ്ഥ വ്യതിയാനമാണ് ഇതിന് കാരണം എന്നാണ് വിദഗ്‌ധരുടെ കണ്ടെത്തൽ.

തുറമുഖ നിർമാണത്തിനായി ഒരു മത്സ്യത്തൊഴിലാളികളെയും കുടിയൊഴിപ്പിച്ചിട്ടില്ല. കടലാക്രമണവും തീരസംരക്ഷണ നിയമപ്രകാരവുമാണ് ആളുകളെ മാറ്റി പാർപ്പിച്ചത്. ഇവരെ പുനരധിവസിപ്പിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്.

വീടുകൾ നിർമിച്ച് നൽകുന്നതിന് മുട്ടത്തറയിൽ എട്ടേക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അതുവരെ വാടക വീടുകളിലേക്ക് മാറ്റുന്നവര്‍ക്ക് പ്രതിമാസം 5,500 രൂപ നൽകും. തുടർനടപടി സ്വീകരിക്കാൻ ജില്ല കലക്‌ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

സമരം തുടരുന്നത് അംഗീകരിക്കാനാകില്ല:പ്രതിഷേധക്കാർ ഉന്നയിച്ച ഭൂരിഭാഗം ആവശ്യങ്ങളും അംഗീകരിച്ചിട്ടും സമരം തുടരുന്നത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല. പദ്ധതി നിർത്തിവയ്‌ക്കണം എന്നത് യുക്തിസഹമല്ല. ഇത് അംഗീകരിക്കുന്നത് സംസ്ഥാന താൽപര്യത്തിന് എതിരാണ്.

സമരത്തെ സംയമനത്തോടെയാണ് സർക്കാർ നേരിടുന്നത്. എന്നാൽ സംഘർഷം ഉണ്ടാക്കാനുള്ള ചിലരുടെ ശ്രമം കണ്ടില്ലെന്ന് നടിക്കാനാകില്ല. രാഷ്‌ട്രീയ താൽപര്യം വച്ചാണ് ഇവർ സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

സമരത്തിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറുമെന്നാണ് വിശ്വസിക്കുന്നത്. തുറന്ന ചർച്ചയ്‌ക്ക്‌ തയ്യാറാണെന്ന് സർക്കാർ പ്രഖ്യാപിച്ചതാണ്. എന്നാൽ മന്ത്രിമാർ അടക്കം കാത്തിരുന്നിട്ടും ചർച്ചയ്‌ക്ക്‌ വരാതിരുന്ന പ്രതിഷേധക്കാരുടെ നടപടി നിർഭാഗ്യകരമാണ്.

അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് പ്രതിപക്ഷം:ഇനിയും ചർച്ചയ്‌ക്ക്‌ തയ്യാറാണെന്ന് തന്നെയാണ് സർക്കാർ നിലപാട്. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളെ അനുഭാവത്തോടെ തന്നെ പരിശോധിക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞത്ത് നിക്ഷിപ്‌ത താല്‍പര്യക്കാര്‍ മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറക്കുകയാണെന്ന് കടകംപള്ളി ആരോപിച്ചു.

പ്രതിപക്ഷം പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും കടകംപള്ളി പറഞ്ഞു. എന്നാൽ പദ്ധതി അട്ടിമറിക്കാൻ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മറുപടി നൽകി. സമരം നടത്തുന്നവരുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്നാണ് പ്രതിപക്ഷം സഭയ്‌ക്ക്‌ അകത്തും പുറത്തും പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Also read: പ്രതിഷേധത്തിന്‍റെ പേരുപറഞ്ഞ് വിഴിഞ്ഞം തുറമുഖ നിർമാണ പ്രവർത്തനങ്ങൾ തടയുന്നത് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി

ABOUT THE AUTHOR

...view details