തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് മന്ത്രി വി ശിവൻകുട്ടി രാജിവയ്ക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസിനെ കോടതിയിൽ നിയമപരമായി തന്നെ നേരിടും. കേസിൽ പ്രതിയായതു കൊണ്ട് മാത്രം ഒരാൾ മന്ത്രിയാകാൻ പാടില്ല എന്ന നില യുഡിഎഫിന് ഉണ്ടെന്നത് ആശ്ചര്യകരമാണ്. അത്തരം ഒരു നിലപാട് പൊതുവിൽ നാട് അംഗീകരിച്ചിട്ടില്ല.
സുപ്രീംകോടതി വിധി സർക്കാർ കേസ് പിൻവലിക്കുന്നതുമായി ബന്ധപ്പെട്ടാണ്. വിചാരണ അതിന്‍റെ വഴിക്ക് നടക്കും. സുപ്രീംകോടതി വിധി അന്തിമമാണ്, അതിനെ അനുസരിക്കാൻ ബാധ്യസ്ഥരാണ് എന്നാണ് താൻ ഇന്നലെ പറഞ്ഞത്. അതിനെ വക്രീകരിച്ച് സർക്കാർ സുപ്രീംകോടതി വിധിക്കെതിരാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.