തിരുവനന്തപുരം:ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ടി.പി വധക്കേസിലെ പ്രതികള്‍ക്ക് മാത്രം അനുവദിച്ചിരിക്കുന്നത് റെക്കോഡ് പരോളുകളാണ്. കേസിലെ 11 പ്രതികള്‍ക്കും സാധാരണ പരോളും അടിയന്തര പരോളുമാണ് യഥേഷ്‌ടം അനുവദിച്ചിരിക്കുന്നത്.
സി.പി.എം പാനൂര്‍ ഏരിയ കമ്മിറ്റി അംഗം കുഞ്ഞനന്തനാണ് ഏറ്റവും കൂടുതല്‍ പരോള്‍ ലഭിച്ചത്. 257 ദിവസം കുഞ്ഞനന്തന്‍ ഈ ഭരണത്തിന്‍ കീഴില്‍ പുറം ലോകത്തെ സ്വാതന്ത്ര്യം ആസ്വദിച്ചു. സാധാരണ പരോളായി 135 ദിവസവും അടിയന്തര പരോളായി 122 ദിവസവും പരോള്‍ ലഭിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അസുഖബാധിതനായ കുഞ്ഞനന്തന്‍ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഗൂഢാലോചനയില്‍ പ്രതിയുമായ മറ്റൊരു സി.പി.എം നേതാവായ കെ.സി രാമചന്ദ്രന്‍ 205 ദിവസം പരോളില്‍ ഇറങ്ങി. 185 ദിവസം സാധാരണ പരോളും 20 ദിവസത്തെ അടിയന്തര പരോളുമാണ് രാമചന്ദ്രന് അനുവദിച്ചിരിക്കുന്നത്. കേസിലെ ആറാം പ്രതിയ സിജിത്തിന് 186 ദിവസത്തെ പരോള്‍ ലഭിച്ചു കഴിഞ്ഞു. കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടയില്‍ പരോളിലിറങ്ങി വിവാഹം കഴിച്ച മുഹമ്മദ് ഷാഫിക്ക് 145 ദിവസമാണ് നല്‍കിയിരിക്കുന്നത്. ഇതില്‍ 45 ദിവസം ഷാഫിക്ക് അടിയന്തര പരോളായാണ് നല്‍കിയത്. കേസിലെ മറ്റ് പ്രതികളായ റഫീക്കിന് 125 ദിവസവും ഷിനോജിന് 105 ദിവസവും കിര്‍മാണി മനോജിനും അനൂപിനും 120 ദിവസവും പരോള്‍ അനുവദിച്ചു. ഒന്നാം പ്രതിയായ സുനില്‍കുമാര്‍ എന്ന കൊടി സുനിക്ക് 60 ദിവസത്തെ സാധാരണ പരോള്‍ മാത്രമാണ് അനുവദിച്ചത്. ടി.കെ രജീഷിന് 90 ദിവസത്തെ സാധാരണ പരോളും അനുവദിച്ചിട്ടുണ്ട്. ഗൂഢാലോചനയില്‍ പങ്കെടുത്ത സി.പി.എം കുന്നോത്ത് പറമ്പ് ബ്രാഞ്ച് മുന്‍ സെക്രട്ടറി മനോജിന് 117 ദിവസം പരോള്‍ ലഭിച്ചു.
കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി രേഖാമൂലം ഇക്കാര്യം വ്യക്തമാക്കിയത്. ഒരു തടവുകാരന് ഒരു വര്‍ഷം 60 ദിവസം സാധാരണ പരോളിന് അര്‍ഹതയുണ്ട്. അടിയന്തര സാഹചര്യം ചൂണ്ടികാട്ടി അപേക്ഷ സമര്‍പ്പിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും അടിയന്തര പരോള്‍ അനുദിക്കാം. പൊലീസിന്‍റെ ക്ലീന്‍ചിറ്റ് ലഭ്യമായാല്‍ മാത്രമേ ഇത്തരത്തില്‍ അടിയന്തര പരോള്‍ അനുവദിക്കുകയുള്ളൂ.
2012 മെയ് നാലിനാണ് അക്രമി സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയത്. ടി.പിയെ കൊലപ്പെടുത്തിയ കേസില്‍ 12 പേരെയായിരുന്നു എരഞ്ഞിപ്പാലം പ്രത്യേക കോടതി ശിക്ഷിച്ചത്. ഇതില്‍ പതിനൊന്നു പേര്‍ക്കും ലഭിച്ചത് ജീവപര്യന്തം തടവ് ശിക്ഷയാണ് ലഭിച്ചത്. ഈ പ്രതികളാണ് പിണറായി വിജയന്‍ സര്‍ക്കാറിന്‍റെ കനിവില്‍ യഥേഷ്ടം സ്വാതന്ത്രം അനുഭവിച്ച് വിലസുന്നത്.