തിരുവനന്തപുരം :അതിതീവ്രമഴ തുടരുന്ന എല്ലാ മേഖലകളിലും രക്ഷാപ്രവര്‍ത്തനം ശക്തമാക്കാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനം. സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഇതിനായി രംഗത്തിറങ്ങും. ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ പെട്ടെന്നുതന്നെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടിയെടുക്കണമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശിച്ചു.
കോട്ടയം ജില്ലയടക്കം മഴക്കെടുതി രൂക്ഷമായ മേഖലകളില്‍ കുടുങ്ങിപ്പോയവരെ രക്ഷിക്കാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കും. രക്ഷാപ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയ മുഖ്യമന്ത്രി ഗൗരവമായ അവസ്ഥയാണ് നിലവിലുള്ളതെന്ന് വിശദീകരിച്ചു.
എന്നാല്‍ അവസാനം വന്ന കാലാവസ്ഥാപ്രവചനം ആശ്വാസത്തിന് വക നല്‍കുന്നതാണ്. കൂടുതല്‍ മോശപ്പെട്ട അവസ്ഥയിലേക്കല്ല പോകുന്നതെന്നാണ് പ്രവചനം നല്കുന്ന സൂചനയെന്നും അദ്ദേഹം വ്യക്തമാക്കി.
ക്യാമ്പുകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വേണം ക്യാമ്പുകള്‍ ആരംഭിക്കേണ്ടത്. ഇക്കാര്യത്തില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം. ക്യാമ്പുകളുടെ എണ്ണം വര്‍ധിപ്പിക്കാവുന്നതാണ്. മാസ്ക്, സാനിറ്റൈസര്‍ എന്നിവ ക്യാമ്പുകളില്‍ ഉറപ്പുവരുത്തണം. ശൗചാലയങ്ങള്‍ വൃത്തിയാക്കാന്‍ പ്രത്യേകം സംവിധാനം ഒരുക്കണമെന്നും ആവശ്യത്തിന് ശുദ്ധജലം ലഭ്യമാക്കണമെന്നും യോഗത്തിൽ തീരുമാനമായി.
ആരോഗ്യ പ്രവര്‍ത്തകരുടെ ശ്രദ്ധ ക്യാമ്പുകളില്‍ ഉണ്ടാകണം. ആവശ്യത്തിന് മരുന്നുകളും ഉണ്ടാകണം. വാക്സിന് എടുക്കാത്തവരുടെയും അനുബന്ധ രോഗികളുടെയും കാര്യത്തില്‍ പ്രത്യേകം ജാഗ്രത കാട്ടണം. തീരദേശ മേഖലയില്‍ ഇടക്കിടെ മുന്നറിയിപ്പ് നല്‍കണം. ദുരന്തസാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.