തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ള പശ്ചാത്തലത്തിൽ കാലാവസ്ഥാ മുന്നറിയിപ്പുകളെ അവഗണിക്കരുതെന്ന് മുഖ്യമന്ത്രി. ജില്ലാതല മുന്നറിയിപ്പായതിനാൽ തങ്ങളുടെ പ്രദേശത്ത് മഴയില്ലെങ്കിൽ ഗൗരവമായെടുക്കാത്ത നിലപാട് സ്വീകരിക്കരുതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇടുക്കി, വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം, കണ്ണൂർ, ജില്ലകളിൽ അടുത്ത നാല് ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്കൊപ്പം ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവയ്ക്കുള്ള സാധ്യതയുമുണ്ട്. ഇത് നേരിടാനുള്ള തയാറെടുപ്പുകൾ സജ്ജമാക്കാൻ ജില്ലാ ഭരണകൂടങ്ങൾക്കും ബന്ധപ്പെട്ട വകുപ്പുകൾക്കും നിർദേശം നൽകിയിട്ടുണ്ട്.
വെള്ളപ്പൊക്കത്തിന് സാധ്യത; മുന്നറിയിപ്പുകളെ അവഗണിക്കരുതെന്ന് മുഖ്യമന്ത്രി - പിണറായി വിജയൻ
വിവിധ ജില്ലകളിൽ അടുത്ത നാല് ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്കൊപ്പം ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവയ്ക്കുള്ള സാധ്യതയുമുണ്ട്.
റെഡ് അലർട്ട് നിലനിൽക്കുന്ന ഉരുൾപൊട്ടൽ സാധ്യതാ മേഖലകളിലുള്ളവരെ മാറ്റിത്താമസിപ്പിക്കും. നീലഗിരി കുന്നുകളിൽ അതിതീവ്രമഴ ഉണ്ടാകുന്നത് വയനാട്, മലപ്പുറം ജില്ലയുടെ കിഴക്കൻ മേഖല, പാലക്കാട് ജില്ലയുടെ വടക്കുകിഴക്കൻ മേഖല എന്നിവിടങ്ങളിൽ അപകടസാധ്യത വർധിപ്പിക്കും. ഇടുക്കി ജില്ലയിൽ അതിതീവ്ര മഴ പെയ്യുന്നത് എറണാകുളം ജില്ലയെയും ബാധിക്കാൻ സാധ്യതയുണ്ട്. കടലാക്രമണ പ്രതിരോധത്തിനുള്ള അടിയന്തര പ്രവൃത്തികൾ ധന, ജലവിഭവ, ഫിഷറീസ് വകുപ്പുകൾ കൂട്ടായി ചർച്ചചെയ്ത് ഉടൻ ആരംഭിക്കും. തീരദേശ ജില്ലകൾക്ക് അടിയന്തര പ്രവർത്തികൾക്കുള്ള പണം അനുവദിച്ച് കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.