തിരുവനന്തപുരം: പതിനൊന്നോളം ആദിവാസി ഊരുകൾ. 3000ത്തോളം ഊരുവാസികൾ. ഇവരുടെ ദുരിത ജീവിതത്തിന് ഓരോരുത്തരുടേയും ആയുസിന്‍റെ പഴക്കം വരും. ആശുപത്രിയിലെത്താൻ, സ്കൂളില്‍ പോകാൻ ഒരു നാട് മുഴുവൻ ഇപ്പോഴും ആശ്രയിക്കുന്നത് കടത്തുവള്ളത്തെയാണ്. ഈ പ്രദേശത്തെ പുറം ലോകവുമായി ബന്ധിപ്പിക്കാൻ ഒരു പാലമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കരിപ്പയാറിന് മറുകരയില്‍ നെയ്യാര്‍ ഡാമിന് തീരത്തുള്ള തുരുത്താണ് തൊടുമലയും അതിനോട് ചേർന്നുള്ള ചറുക്കുപാറ, പന്തപ്‌ളാമൂട്, പുരവിമല, പറത്തി പ്രദേശങ്ങളും. കാരിക്കുഴി, ചാക്കപ്പാറ, ശങ്കുംകോണം, കയ്പന്‍പ്ലാവിള, തൊടുമല, തെന്മല, കുന്നത്തുമല ഊരുനിവാസികളും പാലത്തിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
ഇത് വെറും വാക്കല്ലെന്ന് ഇവർ വിശ്വസിക്കട്ടെ... കുമ്പിച്ചല്‍ കടവുപാലം വരട്ടെ
ഓരോ തെരഞ്ഞെടുപ്പ് കാലത്തും കുമ്പിച്ചല്‍ കടവുപാലം എന്ന സ്വപ്‌നത്തിന് ചിറകുമുളയ്ക്കും. ഊരുനിവാസികൾ പ്രതീക്ഷയോടെ കാത്തിരിക്കും. നിരവധി തെരഞ്ഞെടുപ്പുകള്‍ നടന്നു. ഇത്തവണ ഇവർ പ്രതീക്ഷയിലാണ്.
ഓരോ തെരഞ്ഞെടുപ്പ് കാലത്തും കുമ്പിച്ചല്‍ കടവുപാലം എന്ന സ്വപ്‌നത്തിന് ചിറകുമുളയ്ക്കും. ഊരുനിവാസികൾ പ്രതീക്ഷയോടെ കാത്തിരിക്കും. നിരവധി തെരഞ്ഞെടുപ്പുകള്‍ നടന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ പാലം പണി തുടങ്ങാനെന്ന പേരില്‍ കമ്പിയും സിമന്‍റുമെല്ലാം എത്തിച്ചിരുന്നു. എന്നാല്‍ ഒന്നും യാഥാര്‍ഥ്യമായില്ല. ചികിത്സ, വിദ്യാഭ്യാസം, ഭക്ഷണം ഉള്‍പ്പെടെ എന്തിനും ഏതിനും അപകടകരമായ ചുഴികള്‍ നിറഞ്ഞ കരിപ്പയാര്‍ സാഹസികമായി കടന്നു തന്നെ പോകണം. എട്ടോളം കടവുകളുണ്ടെങ്കിലും പഞ്ചായത്തിന്‍റെ കടത്തു വള്ളമുള്ളത് അഞ്ചില്‍ താഴെ കടവുകളില്‍ മാത്രം. രാത്രിയിലാണെങ്കില്‍ കടത്തുമില്ല. അസുഖം ബാധിച്ചവരെ അമ്പൂരിയിലോ വെള്ളറടയിലോ, പാറശാലയിലോ ഉള്ള ആശുപത്രികളിലെത്തിക്കാന്‍ മണിക്കൂറുകള്‍ വേണം.
40 അടിയിലേറെ ആഴമുള്ള അപകടകരമായ ചുഴികള്‍ കടന്ന് വേണം സ്കൂൾ കുട്ടികൾ പോലും യാത്ര ചെയ്യാൻ. ഈ തെരഞ്ഞെടുപ്പ് കാലത്ത് വീണ്ടും പ്രതീക്ഷകൾ സജീവമായി. കിഫ്ബി സഹായത്തോടെ 17 കോടി രൂപ മുടക്കി പാലം നിര്‍മാണത്തിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. 2016-17 ബജറ്റില്‍ പദ്ധതി പ്രഖ്യാപിച്ചെങ്കിലും വനം വകുപ്പിന്‍റെ അടക്കം തടസം മൂലം ഇത് വൈകിയിരുന്നു. എംഎല്‍എ സികെ ഹരീന്ദ്രൻ അടക്കമുള്ളവരുടെ ഇടപെടലിനെ തുടർന്ന് വീണ്ടും നിർമാണം തുടങ്ങി. ഏഴ് സ്പാനുകളിലായി 253.4 മീറ്റര്‍ നീളത്തിലാണ് പാലം നിര്‍മ്മിക്കുന്നത്. ടൂറിസം സാധ്യത മുന്നില്‍ കണ്ട് ഭൂനിരപ്പില്‍ നിന്നും 12.5 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിക്കുന്ന പാലത്തിനടിയിലൂടെ നെയ്യാര്‍ഡാമില്‍ നിന്നും വിനോദസഞ്ചാരികളുമായി വരുന്ന ബോട്ടിന് കടന്നുപോകുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.