തിരുവനന്തപുരം:പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജിനെ തള്ളി മുൻ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്. തനിക്കെതിരെ ടി.ഒ.സൂരജ് നൽകിയ മൊഴി അസംബന്ധമെന്ന് ഇബ്രാഹിംകുഞ്ഞ് വിജിലൻസിന് മൊഴി നൽകി. കേസുമായി സഹകരിക്കുമെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. അതേസമയം ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാനാണ് വിജിലൻസ് തീരുമാനം. മൊഴി വിശദമായി പരിശോധിച്ച ശേഷം കേസിൽ പ്രതി ചേർക്കുന്ന കാര്യം തീരുമാനിക്കുമെന്നും വിജിലൻസ് വ്യക്തമാക്കി.
ടി.ഒ.സൂരജിനെ തള്ളി ഇബ്രാഹിംകുഞ്ഞ് - v k ibrahimkunju
തനിക്കെതിരെ ടി.ഒ.സൂരജ് നൽകിയ മൊഴി അസംബന്ധമെന്ന് ഇബ്രാഹിംകുഞ്ഞ് വിജിലൻസിന് മൊഴി നൽകി
തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്നിൽ വിജിലൻസ് എസ്‌പി വിനോദ് കുമാർ, ഡിവൈഎസ്‌പി ശ്യാംകുമാർ എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് മണിക്കൂറാണ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്‌തത്. രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ ഉച്ചക്ക് രണ്ട് മണി വരെ നീണ്ടു. താൻ പറഞ്ഞിട്ടാണ് കരാറിന് വിരുദ്ധമായി കമ്പനിക്ക് പൈസ നൽകിയതെന്ന ടി.ഒ.സൂരജിന്‍റെ മൊഴി അസംബന്ധമാണെന്ന് ഇബ്രാഹിംകുഞ്ഞ് വിജിലൻസിന് മൊഴി നല്‍കി. പലരുടെയും മുന്നില്‍വെച്ചാണ് മന്ത്രിയായിരിക്കെ ഫയൽ തന്‍റെ മുന്നിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തോട് സഹകരിക്കുമെന്നും ചോദ്യങ്ങൾക്ക് മറുപടി നൽകിയിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനുശേഷം ഇബ്രാഹിംകുഞ്ഞ് മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം ഇബ്രാഹിംകുഞ്ഞിന്‍റെ മൊഴിയിൽ കൂടുതൽ വ്യക്തത ആവശ്യമാണെന്ന നിഗമനത്തിലാണ് വിജിലൻസ്. മൊഴി പരിശോധിച്ച ശേഷം പ്രതിചേർക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും വിജിലൻസ് വ്യക്തമാക്കി. പാലാരിവട്ടം പാലത്തിന്‍റെ കരാറുകാരായ ആർഡിഎസ് കമ്പനിക്ക് ചട്ടവിരുദ്ധമായി പണം അനുവദിച്ചെന്നാണ് ഇബ്രാഹിംകുഞ്ഞിനെതിരായ ആരോപണം. അഴിമതി നിരോധന നിയമപ്രകാരം കേസിൽ ഇബ്രാഹിംകുഞ്ഞിനെതിരെ ഗവർണർ അന്വേഷണാനുമതി നൽകിയിരുന്നു. നിയമസഭ സമ്മേളനം നടക്കുന്നതിനാൽ ഇതിന് സ്‌പീക്കറുടെ അനുമതി ആവശ്യമായിരുന്നതിനാലാണ് ചോദ്യം ചെയ്യൽ വൈകിയത്. കേസിൽ വിവിധ വകുപ്പുകൾ ചുമത്തി ടി.ഒ.സൂരജ് അടക്കമുള്ളവരെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു.