തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശിയെ നിയമിക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ തീരുമാനം ഇന്ന് ചേര്‍ന്ന സംസ്ഥാന സമിതി അംഗീകരിച്ചു. നിലവിലെ പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശനെ സിപിഎം സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുത്തതിനെ തുടര്‍ന്നാണ് പുതിയ നിയമനം.
സിപിഎം സംസ്ഥാന കമ്മറ്റി അംഗമാണ് പി ശശി. സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധിയല്ലാതിരുന്നിട്ടും ശശിയെ സംസ്ഥാന സമിതിയിലേക്ക് തെരഞ്ഞെടുത്തിരുന്നു. ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ശശി പൊളിറ്റിക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കണ്ണൂര്‍ ജില്ല സെക്രട്ടറിയായിരിക്കെ ഉയര്‍ന്ന ആരോപണത്തിന്‍റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്നു. പാര്‍ട്ടിയിലേക്ക് തിരികെയെത്തിയ ശശിയെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയത് മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് എത്തിക്കുന്നതിനായിരുന്നു. സംസ്ഥാന സമിതി അംഗങ്ങളെയാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിക്കാറുള്ളത്.