തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് വിഷയത്തിൽ നിയമസഭയിൽ ഭരണ പ്രതിപക്ഷ വാക്കേറ്റം. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കൊണ്ടുവന്ന സബ്‌മിഷനിലാണ് സഭയിൽ ആരോപണപ്രത്യാരോപണങ്ങളുയര്‍ന്നത്. വിദ്യാഭ്യാസ മന്ത്രി എപ്പോഴും ഒരേ കാര്യമാണ് പറയുന്നതെന്നും സ്റ്റീരിയോടൈപ്പ് മറുപടി ആവശ്യമില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
രണ്ടാം അലോട്ട്മെന്‍റ് പുറത്തുവന്നിട്ടും പതിനായിരക്കണക്കിന് കുട്ടികൾക്ക് പ്രവേശനം കിട്ടാത്ത സാഹചര്യമാണ്. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ കുട്ടികൾ പോലും പ്രവേശനം കിട്ടാതെ പുറത്തുനിൽക്കുകയാണ്.
20 ശതമാനം സീറ്റ് വർധന കൊണ്ട് പ്രശ്‌നം പരിഹരിക്കപ്പെടില്ല. കൂടുതൽ ബാച്ചുകൾ ഉണ്ടാക്കാൻ സർക്കാർ തയ്യാറാകണമെന്നും കുട്ടികൾക്കുവേണ്ടി കൈകൂപ്പി അപേക്ഷിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
'ഉത്കണ്ഠകള്‍ ഗൗരവമായി പരിഗണിക്കും'
അതേസമയം, പ്രതിപക്ഷ നേതാവ് കൊണ്ടുവന്ന സബ്‌മിഷൻ വളരെ ഗൗരവത്തോടെ കാണുന്നുവെന്ന് പറഞ്ഞ വിദ്യാഭ്യാസ മന്ത്രി ഒക്ടോബർ 23ന് ശേഷം മാത്രമേ രണ്ടാംഘട്ട അലോട്ട്മെന്‍റ് നടപടിക്രമങ്ങൾ പൂർത്തിയാകൂ എന്ന് വ്യക്തമാക്കി.
തുടർപഠനത്തിന് യോഗ്യത നേടിയ എല്ലാ വിദ്യാർഥികളുടെയും ഉത്‌കണ്ഠകള്‍ സർക്കാർ ഗൗരവമായി പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രിയുടെ മറുപടിക്കിടെ പ്രതിഷേധവുമായി പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ എത്തി. മറുപടി തടസപ്പെടുത്തുന്നതിൽ പ്രതിഷേധിച്ച് ഭരണപക്ഷ അംഗങ്ങളും ബഹളം വച്ചു.
കുട്ടികൾക്ക് പ്രവേശനം ഉറപ്പുവരുത്താത്ത സർക്കാർ നടപടിയിലും വിദ്യാഭ്യാസമന്ത്രിയുടെ നിലപാടിലും പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടു. പ്ലസ് വൺ പ്രവേശനത്തെ രാഷ്ട്രീയ വിഷയമായി ഉപയോഗിക്കുന്നുവെന്ന് വിദ്യാഭ്യാസമന്ത്രിയും തിരിച്ചടിച്ചു.
Also read: പ്ലസ് വണ്‍ പ്രവേശനം; അര്‍ഹരായ ആര്‍ക്കും അവസരം നഷ്‌ടമാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി