തിരുവനന്തപുരം:തുടര്‍ച്ചയായി രണ്ടാം ദിനവും പ്രതിപക്ഷം സഭയില്‍ വാക്കൗട്ട് നടത്തി.സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നം ഉന്നയിച്ച് എൻ. ഷംസുദ്ദീൻ എം.എല്‍.എ നല്‍കിയ നോട്ടീസിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതോടെയാണ് പ്രതിപക്ഷം സഭ വിട്ടിറങ്ങിയത്. ഇന്നലെ ലോകായുക്ത നിയമ ഭേദഗതിയില്‍ സണ്ണി ജോസഫ് നല്‍കിയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചപ്പോഴായിരിന്നു വാക്കൗട്ട്.
ക്രമസമാധാനനില തകർന്നുവെന്ന് പ്രതിപക്ഷം
സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങൾ വർധിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നൽകിയ നോട്ടീസിൻ്റെ അവതരണത്തില്‍ കേരളം ക്രമസമാധാന പ്രശ്‌നങ്ങളുടെ കാര്യത്തിൽ ഉത്തർപ്രദേശിനെ കടത്തിവെട്ടുന്ന അവസ്ഥയിലേക്ക് പോകുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. കേരളത്തിൻ്റെ തെക്ക് നിന്ന് വടക്ക് വരെ ഗുണ്ട ഇടനാഴിയാണ്.
ഗുണ്ടകൾ കേരളത്തിൽ അഴിഞ്ഞാടുകയാണ്. വടക്കേ ഇന്ത്യയിൽ നടക്കുന്ന കാഴ്‌ചകൾ കേരളത്തിൽ ഇപ്പോൾ പിണറായി കാലത്ത് നടക്കുകയാണ്. സർക്കാരിന് ഗുണ്ടകളുമായുള്ള നല്ല ബന്ധമാണ് കാരണം. ഈ നില തുടർന്നാൽ കേരളം ഉത്തർപ്രദേശിനെ കവച്ച് വയ്ക്കുമെന്നും പ്രതിപക്ഷം ആരോപിച്ചു.
പ്രതിപക്ഷത്തിന്‍റെ മോഹം മാത്രമെന്ന് മുഖ്യമന്ത്രി
കേരളം ഉത്തർപ്രദേശ് പോലെ ക്രമസമാധാനനില തകർന്ന സംസ്ഥാനമാകും എന്നത് പ്രതിപക്ഷത്തിൻ്റെ മോഹം മാത്രമാണ്. കേരളത്തിൽ ക്രമസമാധാനം തകർന്നു കാണണമെന്നാണ് പ്രതിപക്ഷത്തിൻ്റെ ആഗ്രഹം. എന്നാൽ വസ്‌തുത അതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ യുഡിഎഫ് - എൽഡിഎഫ് ഭരണകാലത്തെ കൊലപാതകങ്ങളുടെ കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിന് മറുപടി നൽകിയത്.