മലപ്പുറം: കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്ത്. സംസ്ഥാന സര്‍ക്കാരിന് യുഡിഎഫ് നിരുപാധിക പിന്തുണയാണ് നല്‍കുന്നതെന്നും എന്നാല്‍ സര്‍ക്കാരിന്‍റെ വീഴ്‌ചകള്‍ പ്രതിപക്ഷം ചൂണ്ടിക്കാണിക്കുമ്പോള്‍ തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.
വാക്‌സിനേഷന്‍ വേഗത്തിലാക്കണം
കൊവിഡ് പ്രതിരോധത്തില്‍ വലിയ വീഴ്‌ചയാണ് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. ഇത് സമയാസമയം പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്. മരണനിരക്ക് പൂഴ്ത്തിവെക്കുന്നത്, വാക്‌സിന്‍ വിതരണത്തിലെ മന്ദഗതി തുടങ്ങിയവയെല്ലാം ഉന്നയിക്കുന്നെങ്കിലും കേരളത്തിന്‍റെ മാതൃക മികച്ചതാണെന്നാണ് ഇപ്പോഴും സര്‍ക്കാര്‍ വിശ്വസിക്കുന്നത്.
വാക്‌സിന്‍ ചലഞ്ചിലൂടെയും മറ്റുമായി സമാഹരിച്ച തുക ഉപയോഗിക്കണമെന്ന ആവശ്യത്തോടും സര്‍ക്കാര്‍ മുഖംതിരിക്കുകയാണ്. കോടിക്കണക്കിന് രൂപയാണ് ഇത്തരത്തില്‍ ഉപയോഗിക്കാതെയിരിക്കുന്നത്. ഇത് ഉപയോഗിച്ച് കൂടുതല്‍ വാക്‌സിനുകള്‍ ലഭ്യമാക്കി സ്വകാര്യമേഖലയുടെ സൗകര്യങ്ങള്‍ കൂടി ഉപയോഗപ്പെടുത്തി വാക്‌സിനേഷന്‍ കൂടുതല്‍ വേഗത്തിലാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പട്ടു.
പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്നു ജനങ്ങളെ വലക്കുന്ന നിയന്ത്രണങ്ങള്‍
അശാസ്ത്രീയമായ നിയന്ത്രണങ്ങള്‍ ജനങ്ങളെ വലക്കുകയാണെന്നും വി.ഡി സതീശന്‍ പറഞ്ഞു. നിയന്ത്രണങ്ങള്‍ ജനങ്ങളെ സാമൂഹികമായും സാമ്പത്തികമായും പ്രതിസന്ധിയിലാക്കുന്നുണ്ട്. ഓണ്‍ലൈന്‍ പഠനസൗകര്യങ്ങളൊരുക്കുന്നതിനും സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇതെല്ലാം സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമ്പോഴും അവഗണിക്കുകയാണ് ചെയ്യുന്നത്.
കൊവിഡ് പ്രതിരോധത്തില്‍ കേരളം വലിയ പരാജയമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ കൊവിഡ് കേസുകളില്‍ 68 ശതമാനം രോഗികളും കേരളത്തിലാണെന്നാണ് വിവരം. രോഗം നിര്‍ണയത്തിനായി സംസ്ഥാനത്ത് കൂടുതലായും നടത്തുന്നത് ആന്‍റിജന്‍ ടെസ്റ്റാണ്. പരിശോധനയില്‍ രോഗമില്ലെന്ന് സ്ഥിരീകരിച്ചാലും അസുഖമുണ്ടാവാം. സംസ്ഥാനത്ത് കൂടുതല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
രോഗികളുമായി സമ്പര്‍ക്കമുണ്ടായവരെ കണ്ടെത്തുന്നതിലും സര്‍ക്കാര്‍ സംവിധാനം വലിയ പരാജയമാണ്. കേരളത്തില്‍ ഹോം ക്വാറന്‍റൈന്‍ ഫലപ്രദമല്ല. എന്നാല്‍ സിഎഫ്എല്‍ടിസികളും ഡിസിസികളുമെല്ലാം അടച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴും കൊവിഡ് പ്രതിരോധത്തില്‍ കേരളമാണ് ഒന്നാം നമ്പറെന്നാണ് സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും വി.ഡി സതീശന്‍ പരിഹസിച്ചു.
സാധാരണക്കാരുടെ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നു
കൊവാക്‌സിന്‍ സ്വീകരിച്ച പ്രവാസികള്‍ തിരികെ മടങ്ങിപ്പോവാനാവാതെ വിഷമിക്കുകയാണ്. ഇവര്‍ക്ക് ഇനി കൊവിഷീല്‍ഡ് വാക്‌സിന്‍ എടുക്കാനാവുമോ എന്ന ചോദ്യത്തിനും സര്‍ക്കാരിന് മറുപടിയില്ല. സാധാരണ ജനങ്ങള്‍ നേരിടുന്ന ഇത്തരം പ്രശ്‌നങ്ങളോടെല്ലാം മുഖം തിരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.
സര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കുക എന്ന സാമ്പ്രദായിക പ്രതിപക്ഷത്തിന് പകരം വ്യത്യസ്‌തമായ സമീപനമായിരുന്നു ഇത്തവണ യുഡിഎഫിന്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കുകയും അത് നിയമസഭയില്‍ അവതരിപ്പിച്ച് പരിഹാരമുണ്ടാക്കുകയുമായിരുന്നു തുടക്കം മുതല്‍ യുഡിഎഫ് തുടര്‍ന്ന് പോന്നത്. എന്നാല്‍ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
Read more: കൊവിഡ് പ്രതിരോധം: വിവാദങ്ങൾ ആശയക്കുഴപ്പമുണ്ടാക്കാൻ, വിശദീകരണവുമായി മുഖ്യമന്ത്രി