കേരളം

kerala

ETV Bharat / city

ലൈഫ് പദ്ധതിയില്‍ അഴിമതി; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത് - സ്വകാര്യ ഏജന്‍സിക്ക് 13.65 കോടി രൂപ

ഭവനരഹിതര്‍ക്ക് 341 വീടുകള്‍ നിര്‍മിച്ച് നല്‍കുന്നതിന് തുല്യമായ തുകയാണ് സ്വകാര്യ കമ്പനിക്ക് കണ്‍സള്‍ട്ടന്‍സിയുടെ പേരില്‍ നല്‍കുന്നത്.

ലൈഫ് പദ്ധതിയില്‍ അഴിമതി; കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്

By

Published : Oct 13, 2019, 12:54 PM IST

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലൈഫ് പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി മറവില്‍ സ്വകാര്യ ഏജന്‍സിക്ക് 13.65 കോടി രൂപ അനുവദിച്ചതില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും അതിനാല്‍ ഇത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്തയച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെയും എഞ്ചിനീയറിങ് വിഭാഗത്തെ മറികടന്നാണ് സ്വകാര്യ ഏജന്‍സിക്ക് വഴിവിട്ട സഹായം നല്‍കുന്നതെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.

കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും നിലവില്‍ നടപ്പിലാക്കികൊണ്ടിരിക്കുന്ന വിവിധ ഭവന നിര്‍മാണ പദ്ധതികളെ ഏകോപിപ്പിച്ചുകൊണ്ടാണ് ലൈഫ് മിഷന്‍ പദ്ധതി നടപ്പിലാക്കുന്നത്. പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്ക് ഒരു വീടിന് നാല് ലക്ഷം രൂപ മാത്രം സഹായമായി സര്‍ക്കാര്‍ അനുവദിക്കുമ്പോഴാണ് 13.65 കോടി രൂപ എന്ന ഭീമമായ തുക പ്രോജക്ട് കണ്‍സള്‍ട്ടന്‍സിക്ക് മാത്രമായി അനുവദിക്കുന്നത്. കേരളത്തെ മൂന്ന് റീജിയനുകളായി തിരിച്ചാണ് ചെന്നൈ ആസ്ഥാനമായ സ്വകാര്യ കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി നല്‍കിയത്.

ഭവനരഹിതര്‍ക്ക് 341 വീടുകള്‍ നിര്‍മിച്ച് നല്‍കുന്നതിന് തുല്യമായ തുകയാണ് സ്വകാര്യ കമ്പനിക്ക് കണ്‍സള്‍ട്ടന്‍സിയുടെ പേരില്‍ നല്‍കുന്നത്. സ്വകാര്യ കമ്പനിക്ക് ഇത്രയും വലിയ തുക കൈമാറുന്ന നടപടി പിന്‍വലിച്ച് ഈ തുക പാവപ്പെട്ടവര്‍ക്ക് വീട് വച്ചുകൊടുക്കാന്‍ നല്‍കണമെന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details