തിരുവനന്തപുരം:കൊവിഡ് പ്രതിരോധത്തിന്‍റെ തുടർ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ സര്‍ക്കാര്‍ സർവകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷം. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മാറ്റിവക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർ സംയുക്ത വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് കൊവിഡ് പരിശോധന വർധിപ്പിക്കണം. 55 ലക്ഷം കുടുംബങ്ങൾക്ക് അയ്യായിരം രൂപ നേരിട്ട് നൽകണം. മത്സ്യമേഖലക്കും പ്രവാസികളുടെ പുനരധിവാസത്തിനും പ്രത്യേക പാക്കേജുകൾ പ്രഖ്യാപിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. പ്രവാസികളെയും മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെയും തിരികെ എത്തിക്കാൻ നടപടി വേണം. ബാറുകൾ വഴി പാഴ്സലായി മദ്യം വിൽക്കാനുള്ള തീരുമാനത്തിന് പിന്നിൽ അഴിമതിയാണെന്നും നേതാക്കൾ ആരോപിച്ചു. ബിവറേജസ് കോർപറേഷന് ലഭിക്കേണ്ട തുക ബാറുടമകളുമായി സർക്കാർ പങ്കു വയ്‌ക്കുകയാണ്. ഇടപാടിൽ സമഗ്ര അന്വേഷണം വേണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.