തിരുവനന്തപുരം: അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ നിയമസഭയില്‍ പ്രതിപക്ഷം അഴിമതി ആരോപണങ്ങളുടെ പെരുമഴ സൃഷ്ടിച്ചെങ്കിലും എല്ലാ ആരോപണങ്ങളും ബന്ധപ്പെട്ട മന്ത്രിമാര്‍ നിഷേധിച്ചു. കൊവിഡിന്‍റെ മറവില്‍ സംസ്ഥാനത്തിന്‍റെ നാഷണല്‍ ഹൈവേ, സ്റ്റേറ്റ് ഹൈവേ എന്നിവയോടു ചേര്‍ന്ന് കിടക്കുന്ന 14 കണ്ണായ സ്ഥലങ്ങളില്‍ വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ തുറക്കാന്‍ സ്വകാര്യ മേഖലയ്ക്ക് തീറെഴുതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇതു സംബന്ധിച്ച് ജൂലൈ 23ന് പൊതു മരാമത്ത് വകുപ്പ് ഉത്തരവിറക്കി. 2018 ഡിസംബര്‍ 28ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിന്‍റെ തീരുമാന പ്രകാരമാണ് പൊതു മരാമത്ത് വകുപ്പ് ഈ ക്രമവിരുദ്ധമായ ഉത്തരവ് ഇറക്കിയത്. പൊതു മേഖല സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ താത്പര്യ പത്രം തള്ളിക്കൊണ്ടാണ് ഇത്തരത്തില്‍ ഒരു തീരുമാനം പൊതുമരാമത്ത് വകുപ്പ് എടുത്തത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സ്ഥലത്തിന്‍റെ മാര്‍ക്കറ്റ് വിലയുടെ 5 ശതമാനം പാട്ടത്തുകയായി നല്‍കാമെന്നു നിര്‍ദ്ദേശം മുന്നോട്ടു വച്ചെങ്കിലും ഫെയര്‍ വാല്യുവിന്‍റെ അഞ്ച് ശതമാനം പാട്ടത്തുകയായി ഈടാക്കി നല്‍കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു.
കേരളത്തിലെ പൊതു ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിനാണെന്നും എന്നാല്‍ ഇതു മറികടന്ന് പൊതുമരാമത്ത് സെക്രട്ടറി സ്ഥലം വിട്ടു നല്‍കി കൊണ്ടുള്ള ഉത്തരവിറക്കിയെന്നും ചെന്നിത്തല ആരോപിച്ചു. എന്നാല്‍ ഇത് വിട്ടു നല്‍കിയത് ശരിയായ രീതിയില്‍ തന്നെയെന്നും ദേശീയ പാതയയുടെ സമീപത്തെ സ്ഥലങ്ങള്‍ വിട്ടു നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെന്നും മന്ത്രി ജി.സുധാകരന്‍ മറുപടി നല്‍കി. പ്രതിപക്ഷ നേതാവ് ആരോപണം പിന്‍വലിക്കണമെന്ന് ജി.സുധാകരന്‍ ആവശ്യപ്പെട്ടെങ്കിലും ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായി പ്രതിപക്ഷ നേതാവ് പറഞ്ഞു. ഉന്നയിച്ച ആരോപണങ്ങള്‍ക്കുള്ള തെളിവ് സഭയുടെ മേശപ്പുറത്തു വയ്ക്കാന്‍ തയാറാണെന്നും ചെന്നിത്തല പറഞ്ഞു.