തിരുവനന്തപുരം: ഡി.സി.സി, ബ്ലോക്ക്, മണ്ഡലം പുനസംഘടനയുമായി മുന്നോട്ടു പോകാനുള്ള ഔദ്യോഗിക പക്ഷത്തിന്‍റെ തീരുമാനത്തിനെതിരെ കടുത്ത എതിര്‍പ്പുയര്‍ത്തി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും. തങ്ങളെ അവഗണിച്ചു മുന്നോട്ടു പോകാനുള്ള കെ.സുധാകരന്‍റെയും വി.ഡി.സതീശന്‍റെയും തീരുമാനത്തിനെതിരെ നിസഹകരണം എന്ന ആയുധമുയര്‍ത്തി അതേ നാണയത്തില്‍ തിരിച്ചടിക്കാനാണ് ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും തീരുമാനം.
ഇതിന്‍റെ ഭാഗമായി തിങ്കളാഴ്‌ച നടന്ന യു.ഡി.എഫ് യോഗം ബഹിഷ്‌കരിച്ച ഇരുവരും പുനഃസംഘടനയില്‍ തങ്ങളുടെ ഭാഗത്തു നിന്നുള്ളവുടെ പേര് നല്‍കാനും തയ്യാറായില്ല. ഭാരവാഹികളുടെ പേരു നിര്‍ദ്ദേശിക്കാന്‍ കെ.സുധാകരന്‍ നിര്‍ദ്ദേശിച്ചെങ്കിലും ഇരുവരും മറുപടി നല്‍കിയില്ല.
നേരത്തെ ഡി.സി.സി പ്രസിഡന്‍റ് നിയമനത്തില്‍ കെ.സുധാകരന്‍ ആവശ്യപ്പെട്ടതനുസരിച്ച് പട്ടിക നല്‍കിയെങ്കിലും ഇതെല്ലാം അവഗണിച്ച് ഏകപക്ഷീയമായി കെ.സുധാകരന്‍ മുന്നോട്ടു പോകുകയായിരുന്നു. അതിനാല്‍ ഇക്കാര്യത്തില്‍ വ്യക്തത വന്ന ശേഷം പേരുകള്‍ നല്‍കാം എന്ന നിലപാടിലാണ് ഇരുവരും.
ഗ്രൂപ്പിസവുമായി കെ സുധാകരൻ
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് കെ.സുധാകരനും വി.ഡി.സതീശനും നീങ്ങുന്നതെന്ന പരാതിയാണ് ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമുള്ളത്. ഗ്രൂപ്പുകളെ ഇല്ലാതാക്കാക്കാനെന്ന പേരില്‍ കെ.സി.വേണുഗോപാല്‍ ഗ്രൂപ്പുണ്ടാക്കാന്‍ കെ.സുധാകരന്‍ ശ്രമിക്കുകയാണെന്ന് ഇരു നേതാക്കളും ആരോപിക്കുന്നു.
സംഘടനാ തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടു പോകാന്‍ ഔദ്യോഗിക നേതൃത്വം ശ്രമിക്കുന്നു, വിശദീകരണം ചോദിക്കാതെ അച്ചടക്ക നടപടി സ്വീകരിക്കുന്നു എന്നു മാത്രമല്ല അച്ചടക്ക സമിതി രൂപീകരണവും വൈകിപ്പിക്കുന്നു, രാഷ്ട്രീയ കാര്യ സമിതി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു, കെ.സുധാകരന്‍ മുതിര്‍ന്ന നേതാക്കളെ വിശ്വാസത്തിലെടുക്കുന്നില്ല എന്നിവയാണ് ഔദ്യോഗിക നേതൃത്വത്തിനെതിരെ രമേശും ഉമ്മന്‍ചാണ്ടിയും ഉന്നയിക്കുന്ന പരാതികള്‍.
എതിര്‍പ്പ് അവഗണിച്ച് ഔദ്യോഗിക പക്ഷം
അതേസമയം ഗ്രൂപ്പ് ഒഴിവാക്കി യോഗ്യത മാത്രം മാനദണ്ഡമാക്കി മുന്നോട്ടു പോകാനാണ് തങ്ങളുടെ ശ്രമമെന്നാണ് ഔദ്യോഗിക പക്ഷത്തിന്‍റെ വിശദീകരണം. പുനഃസംഘടന ഇപ്പോള്‍ നടത്തിയില്ലെങ്കില്‍ ഒരു വര്‍ഷത്തോളം പാര്‍ട്ടി പ്രവര്‍ത്തനം താഴെ തട്ടില്‍ സ്തംഭിക്കുന്ന സാഹചര്യമുണ്ടാകും. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും നടത്തുന്ന എതിര്‍ പ്രചാരണങ്ങള്‍ ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരണത്തെ ബാധിക്കുമെന്നും ഔദ്യോഗിക പക്ഷം മറുപടി നല്‍കുന്നു.
ഏതായാലും ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തയുടെയും എതിര്‍പ്പ് അവഗണിച്ച് മുന്നോട്ടു പോകാനാണ് ഔദ്യോഗിക പക്ഷത്തിന്‍റെ തീരുമാനം. എന്നാല്‍ ഇതിനെ ശക്തമായി എതിര്‍ത്തു തോല്‍പ്പിച്ചില്ലെങ്കില്‍ കോണ്‍ഗ്രസില്‍ തങ്ങളുടെ നിലനില്‍പ്പുതന്നെ അപകടത്തിലാകുമെന്നറിഞ്ഞാണ് ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും എതിര്‍ നീക്കങ്ങള്‍ എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
ALSO READ:Omicron: ഒമിക്രോണ്‍: സംസ്ഥാനത്ത് വീണ്ടും കൂടുതല്‍ നിയന്ത്രണം വരുമോ? ഇന്നറിയാം