തിരുവനന്തപുരം: കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്‍റെ ജനകീയ മുഖവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി നിയമസഭാംഗമായി അരനൂറ്റാണ്ട് പൂര്‍ത്തിയാക്കുന്നു. 1970 സെപ്തംബര്‍ 17ന് പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ നിന്നാരംഭിച്ച ജൈത്രയാത്രയാണ് അരനൂറ്റാണ്ട് പിന്നിട്ട് മുന്നോട്ടു പോകുന്നത്. കൊവിഡ് കാലമായതിനാല്‍ ആഘോഷങ്ങള്‍ വേണ്ടെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ തീരുമാനമെങ്കിലും സംസ്ഥാനത്തുടനീളം ആഘോഷങ്ങളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി.
ഉമ്മന്‍ചാണ്ടിയുടെ നിയമസഭാംഗത്വത്തിന് അരനൂറ്റാണ്ട് പുതുപ്പള്ളി കാരോട്ട് വള്ളക്കാലില്‍ ഒ.കെ.ചാണ്ടി ബേബി ചാണ്ടി ദമ്പതിമാരുടെ മകനായി 1943 ഒക്ടോബര്‍ 31 ന് ജനിച്ച ഉമ്മന്‍ചാണ്ടി കെ.എസ്.യുവിലൂടെ പൊതു രംഗത്തെത്തി. 1958ലെ കെ.എസ്.യുവിന്‍റെ ഒരണ സമരം രാഷ്ട്രീയ ജീവിതം മാറ്റി മറിച്ചു. 1967ല്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റായി. 1969ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് സ്ഥാനം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റായിരിക്കേ 1970ല്‍ പുതുപ്പള്ളിയില്‍ നിന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടു. പരാജയം പ്രവചിച്ചെങ്കിലും ആദ്യ മത്സരത്തില്‍ സിറ്റിംഗ് എം.എല്‍.എ യും സി.പി.എം നേതാവുമായ ഇ.എം.ജോര്‍ജിനെ 7288 വോട്ടിന് പരാജയപ്പെടുത്തി നിയമസഭയിലേക്ക്. അന്ന് 27 വയസുള്ള ഉമ്മന്‍ചാണ്ടിക്കൊപ്പം 30 ല്‍ താഴെ പ്രായമുള്ള മറ്റ് നാലു യൂത്ത് കോണ്‍ഗ്രസ് നേതാക്കളും നിയമസഭയിലേക്ക് ജയിച്ചു കയറി.
1977 ല്‍ രണ്ടാം വിജയത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം 15,910 ആയി ജനതാപാര്‍ട്ടിയിലെ പി.സി.ചെറിയാനായിരുന്നു ഇത്തവണ എതിരാളി. കെ.കരുണാകരന്റെ നേതൃത്വത്തില്‍ അധികാരമേറ്റ 1977ലെ മന്ത്രിസഭയില്‍ ഉമ്മന്‍ചാണ്ടി ആദ്യമായി മന്ത്രിയായി. തൊഴില്‍ വകുപ്പിന്‍റെ ചുമതല. രാജന്‍ കേസിനെ തുടര്‍ന്ന് കരുണാകരന്‍ രാജിവച്ച് എ.കെ.ആന്റണി മുഖ്യമന്ത്രിയായപ്പോള്‍ ഉമ്മന്‍ചാണ്ടി മന്ത്രിയായി തുടര്‍ന്നു. 1980ല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിട്ടായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മൂന്നാം ജയം. അഖിലേന്ത്യാ തലത്തില്‍ കോണ്‍ഗ്രസിലുണ്ടായ പിളര്‍പ്പിന്‍റെ ഭാഗമായി ഉമ്മന്‍ചാണ്ടി ഉള്‍പ്പെട്ട കോണ്‍ഗ്രസ് യു എല്‍.ഡി.എഫിന്‍റെ ഭാഗമായി. പിന്നീട് കോണ്‍ഗ്രസ് എ എന്നറിയപ്പെട്ട ഈ വിഭാഗം ഇന്ദിരാഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ ഭാഗമായി. 1981ല്‍ ഇടതു മുന്നണിക്കുള്ള പിന്തുണ എ വിഭാഗം പിന്‍വലിച്ചതോടെ നായനാര്‍ മന്ത്രിസഭ നിലംപൊത്തി.
പിന്നീട് കെ.കരുണാകരന്റെ നേതൃത്വത്തില്‍ രൂപം കൊണ്ടമന്ത്രിസഭയില്‍ ഉമ്മന്‍ചാണ്ടി ആഭ്യന്ത്രമന്ത്രിയായി. 1982 ലെ പൊതു തെരഞ്ഞെടുപ്പില്‍ 15,983 വോട്ടുകള്‍ക്ക് നാലാം ജയം. കെ.കരുണാകരന്റെ നേതൃത്വത്തില്‍ വീണ്ടും അധികാരത്തില്‍ വന്ന മന്ത്രിസഭയിലേക്ക് ഉമ്മന്‍ചാണ്ടിയുടെ പേരുയര്‍ന്നെങ്കിലും സിറിയക് ജോണിന്‍റെ പേര് നിര്‍ദ്ദേശിച്ച് മന്ത്രി സ്ഥാനത്തു നിന്ന മാറി നിന്ന ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി ഉപനേതാവും യു.ഡി.എഫ് കണ്‍വീനറുമായി. സര്‍ക്കാരിന്‍റെ അവസാന നാളുകളില്‍ കെ.കരുണാകരനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനെമൊഴിഞ്ഞു. കോണ്‍ഗ്രസിലെ ഗ്രൂപ്പു രാഷ്ട്രീയത്തില്‍ എല്ലാകാലത്തും കെ.കരുണാകരന്‍റെ എതിരാളിയും എ.കെ.ആന്‍റണിയുടെ വിശ്വസ്തനുമായി ഉമ്മന്‍ചാണ്ടി നിലയുറപ്പിച്ചു.
1987ലും 1991ലും വി.എന്‍. വാസവനായിരുന്നു എതിരാളി. 1991ല്‍ വീണ്ടും അധികാരത്തിലെത്തിയ കരുണാകരന്‍ മന്ത്രി സഭയില്‍ ഉമ്മന്‍ചാണ്ടി ധനമന്ത്രിയായി. 1992ലെ കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയര്‍ന്ന അഭിപ്രായ വ്യത്യാസങ്ങളുടെ തുടര്‍ച്ചയായി 1994ല്‍ ഉമ്മന്‍ചാണ്ടി കരുണാകരന്‍ മന്ത്രിസഭയില്‍ നിന്ന് രാജിവച്ചു. കോണ്‍ഗ്രസിലെ സംഘടനാ പ്രശ്‌നങ്ങളെ തുടര്‍ന്ന് 1995ല്‍ കെ.കരുണാകരന് മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു. എ.കെ. ആന്റണി മുഖ്യമന്ത്രിയായെങ്കിലും ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ചേര്‍ന്നില്ല. 1996 സി.പി.എമ്മിലെ റെജി സക്കറിയ ഉമ്മനെയും 2001 ല്‍ ചെറിയാന്‍ ഫിലിപ്പിനെയും തോല്‍പ്പിച്ചു. 2001ല്‍ എ.കെ.ആന്റണി മുഖ്യമന്ത്രിയായെങ്കിലും ഉമ്മന്‍ചാണ്ടിക്കു പകരം കെ.വി.തോമസ് മന്ത്രിയായി. 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്‍റെ കനത്ത തോല്‍വിയെ തുടര്‍ന്ന് എ.കെ.ആന്‍റണി മുഖ്യമന്ത്രി പദമൊഴിഞ്ഞപ്പോള്‍ ഉമ്മന്‍ചാണ്ടി 2004 ഓഗസ്റ്റില്‍ മുഖ്യമന്ത്രിയായി.
2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പരാജയപ്പെട്ടതോടെ പ്രതിപക്ഷ നേതാവായി. 2011ല്‍ പുതുപ്പള്ളിയില്‍ നിന്ന് വീണ്ടും വിജയിച്ച് സംസ്ഥാന മുഖ്യമന്ത്രിയായി. സോളാര്‍, ബാര്‍കോഴ കേസുകള്‍ സര്‍ക്കാരിന്‍റെ പ്രതിച്ഛായ കെടുത്തി. 2016ല്‍ ജെയ്ക്ക് പി.തോമസിനെ പരാജയപ്പെടുത്തി വീണ്ടും നിയമസഭയിലെത്തിയെങ്കിലും രമേശ് ചെന്നിത്തല കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവും പ്രതിപക്ഷനേതാവുമായി. കോണ്‍ഗ്രസ് മുന്‍നിര രാഷ്ട്രീയത്തില്‍ നിന്ന് അകന്നു നില്‍ക്കുമ്പോഴും അവശ്യ ഘട്ടങ്ങളില്‍ മുന്‍ നിരയിലേക്ക് കയറി കോണ്‍ഗ്രസിനെ മുന്നില്‍ നിന്ന് നയിച്ചു.
ഒരേ മണ്ഡലത്തില്‍ നിന്ന് 11 തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി വിജയിച്ച് അരനൂറ്റാണ്ടു പൂര്‍ത്തിയാക്കിയ ഇന്ത്യയിലെ അത്യപൂര്‍വ്വം കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാള്‍. വീണ്ടും മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കേ നിയമസഭ സുവര്‍ണ ജൂബിലി അവസരമാക്കി വീണ്ടും കോണ്‍ഗ്രസ് നേതൃത്വത്തില്‍ സജീവമാകാനൊരുങ്ങുകയാണ് പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ്.