തിരുവനന്തപുരം: ശനിയാഴ്ച വിവാഹിതരായ പഞ്ചരത്‌നങ്ങളിലെ മൂന്നു പേര്‍ വിവാഹ ചടങ്ങുകള്‍ കഴിഞ്ഞ് സ്വന്തം വീട്ടിലേയ്ക്ക് ആദ്യ വിരുന്നിനെത്തിയപ്പോള്‍ അപ്രതീക്ഷിത അതിഥിയായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെത്തി.
പഞ്ചരത്നങ്ങളുടെ വിവാഹ സത്കാരത്തില്‍ ആദ്യ അതിഥിയായി ഉമ്മന്‍ചാണ്ടി ശനിയാഴ്ച ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ വച്ചാണ് ഉത്ര, ഉത്രജ, ഉത്തര എന്നിവര്‍ വിവാഹിതരായത്. ഇന്ന് മൂവരും ഭര്‍ത്താക്കന്‍മാരുമൊത്ത് വെമ്പായം പഞ്ചായത്തിലെ വഴയ്ക്കാട്ടെ പഞ്ചരത്‌നത്തില്‍ ആദ്യ വിരുന്നിനെത്തിയത് ഇന്നാണ്. ഉച്ചയൂണിന് സമയമായതോടെ അപ്രതീക്ഷിത അതിഥിയായി ഉമ്മന്‍ചാണ്ടി പഞ്ചരത്‌നത്തിലെത്തി. ആഹ്ളാദഭരിതരായ നവദമ്പതികളും മാതാവ് രമാദേവിയും ഏക ആണ്‍തരിയായ ഉത്രജനും ചേര്‍ന്ന് ഉമ്മന്‍ചാണ്ടിയെ സ്വീകരിച്ചു. സദ്യയുണ്ണാനുള്ള വീട്ടുകാരുടെ നിര്‍ബന്ധം നിരസിച്ചെങ്കിലും തന്‍റെ ഇഷ്ടഭക്ഷണമായ കപ്പപ്പുഴുക്ക് കണ്ടപ്പോള്‍ അല്‍പ്പമാകാമെന്നായി ഉമ്മന്‍ചാണ്ടി. ഭക്ഷണം കഴിച്ച് നവദമ്പദികള്‍ക്ക് ആശംസയും നേര്‍ന്നാണ് ഉമ്മന്‍ചാണ്ടി പഞ്ചരത്‌നങ്ങളുടെ പടിയിറങ്ങിയത്.
1995 നവംബര്‍ 16നാണ് പ്രേംകുമാര്‍-രമാദേവി ദമ്പതികള്‍ക്ക് ഒറ്റ പ്രസവത്തില്‍ അഞ്ചു കുട്ടികള്‍ ജനിക്കുന്നത്. സാമ്പത്തിക ഭാരത്തെ തുടര്‍ന്ന് പിതാവ് പ്രേംകുമാര്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ആത്മഹത്യ ചെയ്തു. മക്കളെ വളര്‍ത്താന്‍ കഷ്ടപ്പെട്ട രമാദേവിക്ക് മുന്നില്‍ അനുഗ്രഹ വര്‍ഷമായി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെത്തുകയായിരുന്നു. രമാദേവിയുടെ കഷ്ടപ്പാട് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് മുന്നില്‍ എത്തിച്ചത് സ്ഥലം എം.എല്‍.എയായിരുന്ന പാലോട് രവിയായിരുന്നു. നിവേദനം ലഭിച്ചതിന് പിന്നാലെ പാലോട് രവിക്കൊപ്പം പഞ്ചരത്‌നത്തിലെത്തിയ ഉമ്മന്‍ചാണ്ടി രമാദേവിക്ക് ജില്ലാ സഹകരണ ബാങ്കില്‍ ജോലി നല്‍കി. ജില്ലാ സഹകരണ ബാങ്കിന്‍റെ തൊട്ടടുത്തുള്ള പോത്തന്‍കോട് ശാഖയില്‍ തന്നെയായിരുന്നു നിയമനം. ഈ ഒരു പിടിവള്ളിയില്‍ പിടിച്ചാണ് രമാദേവി പറക്കമുറ്റാത്ത അഞ്ചു മക്കളെയും വളര്‍ത്തി വലുതാക്കിയത്. അതിനുള്ള തന്‍റെ കടപ്പാട് രമാദേവി ഉമ്മന്‍ചാണ്ടിയെ അറിയിക്കുകയും ചെയ്തു.
ഏപ്രില്‍ 26നാണ് പഞ്ചരത്‌നങ്ങളിലെ പെണ്‍കുട്ടികളായ ഉത്ര, ഉത്തര, ഉത്തമ, ഉത്രജ എന്നിവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് വിവാഹം നീണ്ടു പോകുകയായിരുന്നു. പ്രതിശ്രുത വരന്‍ വിനീത് മസ്‌കറ്റില്‍ നിന്ന് എത്തിയാല്‍ ഉടന്‍ ഉത്തമയുടെ വിവാഹം നടക്കും.