തിരുവനന്തപുരം:അഞ്ച് പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ അതീവജാഗ്രതയില്‍ സംസ്ഥാനം. ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് ഇന്ന് പരിശോധന നടത്തും. രോഗബാധിതരുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വന്നവരില്‍ ലക്ഷണങ്ങളുള്ളവര്‍ക്കാണ് പരിശോധന.
ആദ്യം കൊവിഡ് പരിശോധനയാണ് നടത്തുക. കൊവിഡ് പോസിറ്റീവാകുകയാണെങ്കില്‍ സാമ്പിള്‍ ജനിതക ശ്രണീകരണത്തിനയയ്ക്കും. വിപുലമായ സമ്പര്‍ക്കപട്ടിക തയാറാക്കി പരിശോധന നടത്താനാണ് ആരോഗ്യവകുപ്പിന്‍റെ ശ്രമം. ഒമിക്രോണിന്‍റെ അതിതീവ്രവ്യാപന ശേഷി കണക്കിലെടുത്താണ് വിപുലമായ സമ്പര്‍ക്കപട്ടിക തയാറാക്കുന്നത്.
ആദ്യം സ്ഥിരീകരിച്ചത് ബ്രിട്ടണിൽ നിന്നെത്തിയ ആൾക്ക്
സംസ്ഥാനത്ത് ആദ്യം ബ്രിട്ടണില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇയാളുമായി സമ്പര്‍ക്കത്തില്‍ വന്ന ഭാര്യയ്ക്കും ഭാര്യമാതാവിനും ഇന്നലെ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ബ്രിട്ടനില്‍ നിന്ന് അബുദബി വഴി കൊച്ചിയിലെത്തിയ ഇയാൾക്ക് ഞായറാഴ്‌ചയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇദ്ദേഹവും ഭാര്യയും ഒരുമിച്ചാണ് വിദേശത്തുനിന്നെത്തിയത്.
വിമാനത്താവളത്തിലെ റാപ്പിഡ് ആര്‍ടിപിസിആര്‍ പരിശോധനയില്‍ പോസിറ്റീവായിരുന്നില്ല. വീട്ടിലെത്തിയതിനു ശേഷം ലക്ഷണങ്ങളുണ്ടായതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണു ഭര്‍ത്താവ് കൊവിഡ് പോസിറ്റീവായത്. പിന്നീട് സാംപിള്‍ ജനിതക ശ്രേണീകരണത്തിനായി അയക്കുകയായിരുന്നു.