തിരുവനന്തപുരം:ഒമിക്രോണ്‍ - അതീവ ജാഗ്രത രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ കര്‍ശനമായും ക്വാറന്‍റൈൻ വ്യവസ്ഥ പാലിക്കണമെന്ന മുന്നറിയിപ്പുമായി സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇക്കാര്യം ഉറപ്പുവരുത്താൻ ജില്ല ഭരണകൂടങ്ങളോട് മന്ത്രി നിര്‍ദേശിച്ചു.
അതീവ ജാഗ്രത രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ ഏഴ് ദിവസം ക്വാറന്‍റൈനും ഏഴ് ദിവസം സ്വയം നിരീക്ഷണവും പാലിക്കണം. മറ്റു രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ 14 ദിവസം സ്വയം നിരീക്ഷണത്തിലിരിക്കണം. ഈ രണ്ട് വിഭാഗക്കാരും ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം.
അതിതീവ്രവ്യാപന ശേഷിയുള്ള വൈറസായതിനാല്‍ എല്ലാവരും ക്വാറന്‍റൈൻ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കേണ്ടതാണ്. വിമാനത്താവളങ്ങളില്‍ ഇവരെ സഹായിക്കാനായി ആരോഗ്യ പ്രവര്‍ത്തകരെ സജ്ജമാക്കിയിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ പോസിറ്റീവായാല്‍ ഉടന്‍ തന്നെ സമ്പര്‍ക്കപ്പട്ടിക കണ്ടെത്തണം. പുറം രാജ്യങ്ങില്‍ നിന്നും വാക്സിനെടുക്കാതെ വരുന്നവര്‍ ഉടനടി വാക്സിനെടുക്കണം. |Omicron COVID-19 variant alert Preventive measures tightened in Kerala
എന്താണ് ഹോം ക്വാറന്‍റൈൻ
- ഹോം ക്വാറന്‍റൈൻ എന്നു പറഞ്ഞാല്‍ റൂം ക്വാറന്‍റൈനാണ്. പ്രത്യേകമായി ഒരു മുറിയും അനുബന്ധമായി ഒരു ടോയ്‌ലറ്റും ഉണ്ടായിരിക്കണം. അത് മറ്റാരും ഉപയോഗിക്കരുത്.
- ക്വാറന്‍റൈനിലുള്ള വ്യക്തി വീട്ടിലെ മുതിര്‍ന്ന വ്യക്തികളുമായും മറ്റ് രോഗബാധയുള്ള വ്യക്തികളുമായും യാതൊരു വിധത്തിലും സമ്പര്‍ക്കം പുലര്‍ത്തരുത്.
- ആ വ്യക്തി ഉപയോഗിക്കുന്ന പാത്രങ്ങളും വസ്ത്രങ്ങളും മറ്റുള്ളവര്‍ ഉപയോഗിക്കാന്‍ പാടില്ല.
- എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുക
- 7 ദിവസത്തെ ക്വാറന്റൈന് ശേഷം ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തുക.